Sivagiri
.

ഗുരുദേവ ജയന്തിയാഘോഷം ഏഴിന് : ആഗോളതലത്തില്‍ പരിപാടികള്‍.


തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്‍റെ 171 മത് ജയന്തി ആഘോഷങ്ങള്‍ക്ക് ലോക മാകെ തയ്യാറെടുപ്പുകളായി. 7 നാണ് ഗുരുജയന്തി. ഗുരുദേവന്‍ അവതരിച്ച ചെമ്പഴന്തി വയല്‍വാരം വീട് നിലകൊള്ളുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി കൊണ്ട് പുണ്യം നിറഞ്ഞ ശിവഗിരിയിലും നാടാകെയും ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാകുന്നു. ശിവഗിരി മഠം ശാഖാ സ്ഥാപനങ്ങളിലെല്ലാം ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ ഉണ്ടാകുമെന്നും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശിവഗിരിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും. 
  ശിവഗിരിയില്‍ പുലര്‍ച്ചെ പര്‍ണ്ണശാല , ശാരദാ മഠം, മഹാസമാധി എന്നിവിടങ്ങളിലെ വിശേഷാല്‍ ആരാധനയ്ക്ക് ശേഷം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തും. 9.30 നു ജയന്തി സമ്മേളനം കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ജയന്തി സന്ദേശവും സ്വാമി നല്‍കും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും. ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എം.പി, അഡ്വ. വി. ജോയ് എം.എല്‍.എ, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി , കെ.ജി ബാബുരാജന്‍ (ബഹറിന്‍ ) , കെ. മുരളീധരന്‍ (മുരള്യ ) തുടങ്ങിയവര്‍ പ്രസംഗിക്കും. ആഘോഷ കമ്മിറ്റി സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി നന്ദി പറയും. സച്ചിദാനന്ദ സ്വാമി രചിച്ച ഗുരുദേവ ശിഷ്യന്‍ നിശ്ചലദാസ് സ്വാമിയുടെ ജീവചരിത്രവും സുരേശ്വരാചാര്യ സ്വാമി രചിച്ച പഞ്ചദശി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും സമ്മേളനത്തില്‍ നടക്കും. 
  11.30 ന് തിരുജയന്തി വിശ്വസാഹോദര്യ സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. മേജര്‍ ഡോ. ഒമര്‍ അല്‍ മര്‍സൂഖി (ദുബായ്), ആചാര്യ സത്വിന്ദര്‍ജി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ശുഭാംഗാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എന്‍.ഡി.പി യോഗം ശിവഗിരി യൂണിയന്‍ പ്രസിഡന്‍റ് ജയപ്രകാശ് കല്ലമ്പലം, സെക്രട്ടറി അജി എസ്.ആര്‍.എം, വി.കെ മുഹമ്മദ് ഭിലായി, ഡോ. വരുണ്‍ ആര്‍.കെ (ജര്‍മ്മനി), മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, ഗുരുധര്‍മ്മ പ്രചരണ സഭാ രജിസ്ട്രാര്‍ കെ.റ്റി. സുകുമാരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആനന്ദ് .കെ. ഉദയന്‍, വര്‍ക്കല മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ സൂര്യപ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍ രാഖി എന്നിവര്‍ പ്രസംഗിക്കും. അസംഗാനന്ദഗിരി സ്വാമി സ്വാഗതവും ജയന്തി ആഘോഷ കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി വിരജാനന്ദഗിരി സ്വാമി കൃതജ്ഞതയും പറയും. 171 നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാസഹായ വിതരണവും നടക്കും. 
  2 നു ഗുരുമൊഴി പ്രഭാഷണ പരമ്പര ആരംഭിക്കും. മാതൃസഭാ സെക്രട്ടറി ശ്രീജ ജി .ആര്‍ അധ്യക്ഷത വഹിക്കും. സഭാ പി.ആര്‍.ഒ പ്രൊഫ. സനല്‍കുമാര്‍ 'കേരളം ഗുരുവിന് മുന്‍പും ശേഷവും' എന്ന വിഷയം അവതരിപ്പിക്കും. അമൃതവര്‍ഷ, ശിവന്യ കിഷോര്‍, സാനിയ സുരേഷ്, സുജിന്‍,  സൈന സുരേഷ്, അനുശ്രീ അനൂപ് തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം 5.30ന് ജയന്തി ഘോഷയാത്ര പുറപ്പെടും. ശിവഗിരി നഴ്സിംഗ് കോളേജ്,എസ്.എന്‍ കോളേജ്, വട്ടപ്ളാമൂട്, പുത്തന്‍ചന്ത , റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാത്രി 10 ന് മഹാസമ്മതിയില്‍ എത്തിച്ചേരും. നേരത്തെ ശിവഗിരിയില്‍ ചതയദീപം തെളിയിക്കും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 6 ന് 8 മണിക്ക് മുരുക്കുംപുഴ കാളകണ്ടേശ്വരം ക്ഷേത്രത്തില്‍ നിന്നും ധര്‍മ്മപതാകയും കൊടിക്കയറും രഥഘോഷയാത്രയായി ശിവഗിരിയില്‍ എത്തിക്കും. ജയന്തി ദിനം മുതല്‍ മഹാസമാധി ദിനമായ 21 വരെ മഹാഗുരുപൂജ, മഹാശാന്തിഹവനം, വിശേഷാല്‍ ശാരദാപൂജ, അഖണ്ഡനാമജപയജ്ഞം എന്നിവയും ഉണ്ടായിരിക്കും.