ശിവഗിരിയിലെ മഹാഗുരുപൂജ
നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ശിവഗിരിയിലേയ്ക്ക് നിത്യേന നിലയ്ക്കാത്ത ഭക്തജനപ്രവാഹം. ഞായറാഴ്ച ഉള്‍പ്പെടെ പൊതുഒഴിവുദിവസങ്ങളിലും  നാടിന്‍റെ നാനാഭാഗത്ത് നിന്നും കൂട്ടത്തോടെയാണ് ഭക്തരെത്തുക. പര്‍ണശാല, ശാരദാമഠം,വൈദിക മഠം, റിക്ഷാമണ്ഡപം, ബോധാനന്ദ സ്വാമി സമാധി, മഹാസമാധി പീഠം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി ഗുരുപൂജാ പ്രസാദവും അനുഭവിച്ചാണ് മടക്കം.

ശിവഗിരിയിലെ പ്രധാന വഴിപാടായ മഹാഗുരുപൂജ നടത്തുന്നതിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഭക്തര്‍ താല്പ്പര്യം കാട്ടുന്നുണ്ട്.  
മഹാഗുരുപൂജ  നിര്‍വ്വഹിക്കുന്നവര്‍ക്കായി  ശിവഗിരിയിലെ  പതിവ് ആരാധനയ്ക്ക് പുറമേ പര്‍ണ്ണശാലയിലും ശാരദാ മഠത്തിലും മഹാസമാധി പീഠത്തിലും പ്രത്യേകമായ പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നുണ്ട്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായും ചരമ വാര്‍ഷിക ദിനത്തിലും മക്കളുടെ അന്നപ്രാശനം, വിദ്യാരംഭം, പഠനകാലത്തെ തുടര്‍ പഠന വേളകള്‍, ഉന്നതവിജയം, വിവാഹനിശ്ചയം, വിവാഹം, ഉദ്യോഗലബ്ദി, ഭവനനിര്‍മ്മാണാരംഭം ഗൃഹപ്രവേശനം, വ്യാപാര വ്യവസായ തുടക്കം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ വേളകളിലും ഭക്തര്‍ മഹാഗുരുപൂജ നടത്തി വരുന്നു. പൂജയുടെ തലേന്ന് ആവശ്യമെങ്കില്‍ ശിവഗിരിയില്‍ അതിഥി മന്ദിരത്തില്‍ കുടുംബത്തോടൊപ്പം താമസിച്ച് പുലര്‍ച്ചെ മുതലുള്ള പതിവ് ആരാധനകളിലും പങ്കെടുക്കുന്നതിനും കഴിയും. പറ്റാത്തവര്‍ രാവിലെ 10 മണിയോടെ പര്‍ണ്ണശാലയില്‍ നിന്നും ആരംഭിക്കുന്ന വിശേഷാല്‍ ചടങ്ങുകളില്‍ പങ്കെടുത്താലും മതിയാകും.

പ്രാര്‍ത്ഥനാനന്തരം ശിവഗിരിയിലെത്തിച്ചേരുന്ന മറ്റു ഭക്തര്‍ക്കൊപ്പം കുടുംബത്തോടെ  ഗുരുപൂജാ  മന്ദിരത്തിലെ ഗുരുദേവ മണ്ഡപത്തിന് മുന്നില്‍, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാം. ഗുരുപൂജാ പ്രസാദം അനുഭവിച്ച് മടങ്ങാം.  എല്ലാ കേന്ദ്രങ്ങളില്‍ നിന്നും പൂജയെത്തുടര്‍ന്ന് വിശേഷാല്‍ പ്രസാദവും ലഭ്യമാകും.  മഹാഗുരുപൂജയില്‍  നേരിട്ട് സംബന്ധിക്കാനാവാത്തവര്‍ക്കും പൂജ നടത്താനും - ഇവര്‍ക്ക്  പ്രത്യേക പ്രസാദം തപാല്‍ വഴി എത്തിക്കുന്നതിനും ക്രമീകരണം ഉണ്ട്. പൂജ നടത്തുവന്നവര്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരും നക്ഷത്രവും മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. 
മഹാഗുരുപൂജയുടെ പ്രാധാന്യം | ശ്രീമദ്. സച്ചിദാനന്ദസ്വാമികൾ | Sivagiri Mutt | Sivagiri TV Click here to watch video.