ശിവഗിരി: തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് ഗുരുപൂജാ പ്രസാദം അന്നദാനത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിക്കുവാന്‍ അവസരമുണ്ട്.
നിലവില്‍ എത്തിച്ചേരുന്ന ഭക്തരില്‍ ചിലര്‍ വിവിധയിനം ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിക്കാറുണ്ട്. തീര്‍ത്ഥാടന മാസം ആരംഭിച്ചതോടെ ദിനം തോറും വര്‍ദ്ധിച്ച തോതിലുള്ള ഭക്തജന സാന്നിദ്ധ്യം ശിവഗിരിയില്‍ പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്നുണ്ട്. ഇവര്‍ക്കായി തയ്യാറാക്കുന്ന ഗുരുപൂജാ പ്രസാദത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ഗുരുദേവ വിശ്വാസികള്‍ക്ക് തങ്ങളുടെ പുരയിടത്തിലെ കാര്‍ഷിക വിളകളുടെ ഒരു ഭാഗവും പലവ്യജ്ഞനങ്ങളും ശിവഗിരിയില്‍ ഗുരുപൂജാഹാളിന് സമീപമുളള ഉല്‍പ്പന്ന സമര്‍പ്പണ കേന്ദ്രത്തില്‍ എത്തിക്കാവുന്നതാണെന്ന് ശിവഗിരി മഠത്തില്‍ നിന്നും അറിയിക്കുന്നു. വാഹനങ്ങളിലും തനിച്ചും കൂട്ടായും എത്തിച്ചേരുന്നവര്‍ നിലവില്‍ ഈ വിധം പലപ്പോഴും ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു വരുന്നുണ്ട്. എസ്.എന്‍.ഡി.പി. ശാഖകള്‍, കുടുംബ യൂണിറ്റുകള്‍, ഗുരുധര്‍മ്മപ്രചരണ സഭാ യൂണിറ്റുകള്‍ തുടങ്ങിയ സംഘടനകളും ഈവിധം ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതില്‍ ശ്രദ്ധിച്ചു വരുന്നു. തീര്‍ത്ഥാടന കാലത്ത് വ്യത്യസ്ഥ ദിവസങ്ങളിലാണ് ലഭ്യമാക്കേണ്ടത്. വിവരങ്ങള്‍ക്ക് ശിവഗിരി മഠം പി.ആര്‍.ഒ. ഇ. എം. സോമനാഥനുമായി ബന്ധപ്പെടാം. ഫോണ്‍ 9447551499