Sivagiri
നിലവിലുളള കേന്ദ്രങ്ങള്‍ക്ക് പുറമേ പുതിയ സ്ഥലങ്ങളില്‍ നിന്നും പദയാത്ര
???
തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശിവഗിരിയിലേയ്ക്കുള്ള പദയാത്രകളുടെ വിപുലമായ ക്രമീകരണങ്ങളായി. ഓരോ വര്‍ഷം പിന്നിടുമ്പോഴും നിലവിലുളള കേന്ദ്രങ്ങള്‍ക്ക് പുറമേ പുതിയ സ്ഥലങ്ങളില്‍ നിന്നും പദയാത്ര സംഘടിപ്പിക്കുവാന്‍ വിവിധ സംഘടനകള്‍ തയ്യാറാകുന്നുണ്ട്.
എസ്.എന്‍.ഡി.പി. യോഗം ശാഖകള്‍, ശിവഗിരി മഠത്തിന്‍റെ പോഷക സംഘടന ഗുരുധര്‍മ്മപ്രചരണ സഭായൂണിറ്റുകള്‍, വിവിധ പദയാത്ര സമിതികള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദയാത്രകള്‍ ശിവഗിരിയിലെത്തുക.
ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരുദേവന്‍ അനുമതി നല്‍കിയത് കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ വച്ചായിരുന്നു. തീര്‍ത്ഥാടന നവതിയുടെ ഭാഗമായി ശിവഗിരി മഠവും ഗുരുധര്‍മ്മപ്രചരണസഭാ കേന്ദ്ര സമിതിയും രൂപം കൊടുക്കുന്ന പദയാത്ര 23 ന് നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും തിരിക്കും. കോട്ടയം ജില്ലയില്‍ നിന്നും പള്ളം, ചെങ്ങളം, ചങ്ങനാശ്ശേരി , പുലിക്കുട്ടിശ്ശേരി , നാഗമ്പടം , കുമരകം, നെല്ലിക്കല്‍, വാകത്താനം, എന്നിവിടങ്ങളില്‍ നിന്നും ഇതിനകം പദയാത്രകള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍പ്പെട്ട തിരുവല്ല, മുത്തൂര്‍, കുട്ടനാട്, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പദയാത്രകള്‍ പുറപ്പെടുന്നതിനുള്ള തയ്യാറെടുപ്പുകളായി. ഇനിയും നിരവധി സ്ഥലങ്ങളില്‍ നിന്നും പദയാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്.
പതിവായി സഞ്ചരിക്കുന്ന വീഥികളില്‍ ഗുരുദേവഭക്തരും വിവിധ പ്രസഥാനങ്ങളും മുന്‍കാലങ്ങളിലെന്ന പോലെ സ്വീകരണങ്ങളും ഭക്ഷണ താമസ സൗകര്യങ്ങളും ഒരുക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്.
ശിവഗിരി പദയാത്രയെ വരവേല്‍ക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നായി ചേര്‍ന്നുള്ള തയ്യാറെടുപ്പുകളാണ് നാടാകെ നടക്കുക.