

ശിവഗിരി : തൊണ്ണൂറാമത് ശിവഗിരി മഹാതീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാരംഭിച്ചു. തീര്‍ത്ഥാടന കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനവും ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും ശിവഗിരിയിലെത്തിച്ചേരുന്ന തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്കായി മഹാഗുരുപൂജാ പ്രസാദം, അന്നദാനം വിതരണം ചെയ്യുന്ന അന്നദാന പന്തലിന്‍റെ കാല്‍ നാട്ടു കര്‍മ്മവും ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി നിര്‍വ്വഹിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറിയായ സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ പങ്കെടുത്തു.
തീര്‍ത്ഥാടനകാലത്ത് ഒന്നിനും ഒരു കുറ്റവും വരാതെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ മുപ്പതോളം വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ശിവഗിരിയില്‍ പ്രത്യേക സമ്മേളനം നടത്തി തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയുണ്ടായി.
ശിവഗിരി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപതില്‍പരം കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.
നാട്ടില്‍ നിന്നും മറുനാടുകളില്‍ നിന്നും പിന്നിട്ട വര്‍ഷങ്ങളിലേക്കാളേറെ പദയാത്രകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വര്‍ക്കലയും പ്രാന്തപ്രദേശങ്ങളിലും ഉള്ളവര്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്നു ചേരുന്ന തീര്‍ത്ഥാടകര്‍ക്ക് യാതൊരുവിധ വിഷമതകളും ഭക്ഷണതാമസ കാര്യങ്ങളില്‍ സംഭവിക്കാതിരിക്കാന്‍ തങ്ങളുടേയതായ ഒരു കരുതലും മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഒരുക്കുന്നുണ്ട്.