

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടന മഹോത്സവത്തിന്‍റെ ഭാഗമായി ശിവഗിരി മഠത്തിന്‍റേയും ഗുരുധര്‍മ്മപ്രചരണസഭയുടേയും നേതൃത്വത്തില്‍ തീര്‍ത്ഥാടന പദയാത്ര നടത്തും.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുധര്‍മ്മപ്രചരണ സഭാ കേന്ദ്ര എക്സിക്യൂട്ടീവ് യോഗം പദയായത്ര നടത്തിപ്പിന് രൂപം നല്‍കി. ഗുരുദേവന്‍ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ കോട്ടയം നാഗമ്പടം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നുമാകും പദയാത്ര.
ക്ഷേത്രമുറ്റത്തെ തേന്‍മാവിന്‍ ചുവട്ടില്‍ വിശ്രമിക്കവേയാണ് ഗുരുവിന്‍റെ മുന്നിലെത്തിയ ഭക്തര്‍ ക്ക് തീര്‍ത്ഥാടനാനുമതി നല്‍കിയത്. തേന്‍മാവില്‍ ചുവട്ടില്‍ നിന്നും പുറപ്പെട്ട് കുമരകം വഴി ചേര്‍ത്തല, ആലപ്പുഴ, കൊല്ലം പിന്നിട്ട് പദയാത്ര ശിവഗിരിയിലെത്തുംവിധമാകും ക്രമീകരണം. ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം, വൈസ് പ്രസിഡന്‍റ് അനില്‍ തടാലില്‍, സഭാരജിസ്ട്രാര്‍ അഡ്വ. പി.എം. മധു, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍, സഭാജോയിന്‍റ് രജിസ്ട്രാര്‍ , സി.ടി. അജയകുമാര്‍, കോ-ഓര്‍ഡിനേറ്റര്‍, പുത്തൂര്‍ ശോഭനന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, ചന്ദ്രന്‍ പുളിങ്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു.