ശിവഗിരിയിലെത്തി രബീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ശിച്ചതിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കാവ്യാര്‍ച്ചന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്‍റെ ആത്മീയ കാവ്യ പാരമ്പര്യ സംസ്കാരമാണ് ടാഗോറിനെ ശിവഗിരിയിലെത്തിച്ചത്. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശേഷമായിരുന്നു കവിയുടെ ശിവഗിരി സന്ദര്‍ശനമെന്നത് ഏറെ സവിശേഷതയുള്ള കാര്യമായി. ഈ സന്ദര്‍ശനത്തിന്‍റെ ശതാബ്ദി ആഘോഷിക്കുവാന്‍ ശിവഗിരി മഠം തയ്യാറായത് ഏറെ പ്രശംസനീയമായി.
കാവ്യാര്‍ച്ചന ഉദ്ഘാടനം ചെയ്ത ജയകുമാര്‍ അദ്ദേഹത്തിന്‍റെ സ്വന്തം രചനയും അവതരിപ്പിക്കുകയുണ്ടായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു.
ടാഗോര്‍ മഹാകവി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ലഭ്യമായ പ്രൗഢഗംഭീര സ്വീകരണത്തിന് ശേഷം ശിവഗിരി സന്ദര്‍ശിക്കുന്നതിന് മുമ്പ് പല തലത്തില്‍ നിന്നും തടസ്സവാദങ്ങള്‍ ഉണ്ടാകാതിരുന്നില്ലായെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു. എങ്കിലും ഈ വരവ് രണ്ടു മഹാഗുരുക്കന്‍മാര്‍ തമ്മില്‍ കണ്ടുമുട്ടണമെന്നത് നിയതിയുടെ നിശ്ചയമായിരുന്നുവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
ശിവഗിരിയെ സംബന്ധിച്ചടത്തോളം ഏറെ സവിശേഷത നിറഞ്ഞ കാലയളവാണിത്. ശിവഗിരി തീര്‍ത്ഥാടന നവതി, മതമഹാപാഠശാലയുടെ കനകജൂബിലി, കുമാരനാശാന്‍ രചിച്ച ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി തുടര്‍ന്ന് വരാന്‍ പോകുന്ന ആലുവ സര്‍വ്വമത സമ്മേളനം ശതാബ്ദി തുടങ്ങിയ വേളയില്‍ തന്നെയായി ഗുരുദേവന്‍, ടാഗോര്‍ സമാഗമശതാബ്ദിയും എന്നത് പ്രത്യേകം ശ്രദ്ധേയമായി എന്നും സ്വാമി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ, എസ്. ഷാജി എന്നിവര്‍ പ്രസംഗിച്ചു പി.എസ്. ബാബുറാം ജയകുമാറിന് ഉപഹാരം സമര്‍പ്പിച്ചു.
കുരീപ്പുഴ ശ്രീകുമാര്‍, ഗിരീഷ് പുലിയൂര്‍, മണമ്പൂര്‍ രാജന്‍ ബാബു, മഞ്ചു വെള്ളായണി, പി.കെ.ഗോപി , എം. ആര്‍ രേണുകുമാര്‍, ബാബു പാക്കനാര്‍, സൂര്യ ബിനോയ്, എസ്. താണു ആചാരി, ഹരിദാസ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കാവ്യരചനാ മത്സരവും ഉണ്ടായിരുന്നു.
ശതാബ്ദി ദിനമായ ഇന്ന് രാവിലെ 8 ന് ഗുരുദേവ കൃതികളുടെ സംഗാതാര്‍ച്ചന10 ന് ശതാബ്ദി സമ്മേളനം വിശ്വഭാരതി കേന്ദ്ര സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ബിദ്യുത് ചക്രബര്‍ത്തി ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കൃഷി മന്ത്രി, പി.പ്രസാദ് മുഖ്യാതിഥിയും ബിനോയ് വിശ്വം എം.പി. വിശിഷ്ടാതിഥിയും ആയിരുക്കും, ചീഫ് സെക്രട്ടറിയും കവിയുമായ വി.പി. ജോയ് മുഖ്യ പ്രഭാഷണം നടത്തും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. രാവിലെ ടാഗോര്‍ ഗുരുദേവന്‍ സമാഗമം നടന്ന വൈദിക മഠത്തില്‍ വിശിഷ്ടാതിഥികളും സംന്യാസി ശ്രേഷ്ഠരും ചേര്‍ന്ന് ദീപം തെളിയിച്ചു.
പ്രഭാവര്‍മ്മ, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പ്രൊഫ. വി മധുസൂദനന്‍ നായര്‍, അഡ്വ. വി. ജോയി എം.എല്‍.എ., കെ. എം. ലാജി ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ എന്നിവര്‍ പ്രസംഗിക്കും.
സച്ചിദാനന്ദസ്വാമി രചിച്ച ടാഗോര്‍ ഗുരുസന്നിധിയില്‍ എന്ന ഗ്രന്ഥം വൈസ് ചാന്‍സിലര്‍ വി. പി. ജോയിക്ക് നല്‍കി പ്രകാശനം ചെയ്യും.
2 ന് കാവ്യസൗഹൃദം. കേരളാസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എസ്. ജോസഫ് ഉദ്ഘാടനം ചെയ്യും. സ്വാമി ബോധിതീര്‍ത്ഥ അദ്ധ്യക്ഷത വഹിക്കും. ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍, പ്രൊഫ. എസ്. ജയപ്രകാശ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കവികള്‍ കവിതകള്‍ അവതരിപ്പിക്കും.
.................................................................................................................
ചിത്രം
ശിവഗിരിയില്‍ ശ്രീനാരായണ ഗുരുദേവന്‍ രബീന്ദ്രനാഥ ടാഗോര്‍ സമാഗമ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന കാവ്യാര്‍ച്ചന മുന്‍ വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, കവി കുരീപ്പുഴ ശ്രീകുമാര്‍, ഗിരീഷ് പുലിയൂര്‍, മണമ്പൂര്‍ രാജന്‍ ബാബു, മഞ്ചു വെള്ളായണി, പി.കെ. ഗോപി, പി.എസ്. ബാബുറാം തുടങ്ങിയവര്‍ സമീപം.