Sivagiri
നവരാത്രി മണ്ഡപത്തില്‍ കഴിഞ്ഞ 26 മുതല്‍ നടന്നു വന്ന പരിപാടികളും സമാപിച്ചു.

 

ശിവഗിരി: വിദ്യതേടി സ്വതന്ത്രരാകുവാന്‍ ലോകജനതയെ ഉപദേശിച്ച മഹാഗുരു ശ്രീനാരായണ ഗുരുദേവന്‍റെ കരങ്ങളാല്‍ ശിവഗിരി കുന്നുകളുടെ താഴ്വാരത്തില്‍ പ്രതിഷ്ഠിച്ച വിദ്യാദേവത ശാരദാദേവിയുടെ സന്നിധിയില്‍ ഇന്നലെ ആദ്യാക്ഷരം കുറിച്ചത് ആയിരക്കണക്കിന് കുരുന്നുകള്‍.

സംസ്ഥാനത്തിനകത്ത് വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി തലേന്ന് തന്നെ ശിവഗിരിയിലും സമീപപ്രദേശങ്ങളിലും കുട്ടികളുമായി എത്തി ക്യാമ്പ് ചെയ്താണ് പലരും പുലര്‍ച്ചെ ശാരദാമഠത്തിലെത്തിയത്. വിദ്യാരംഭത്തിനുള്ള എല്ലാ മുന്‍കരുതലുകളും ഒരുക്കിയിരുന്നതിനാല്‍ എത്തിച്ചേര്‍ന്നവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായില്ല.

ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, മഠം ഭരണ സമിതിയംഗമായ സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ക്കൊപ്പം സ്വാമി അമേയാനന്ദ, സ്വാമി മഹാദേവാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി ജ്ഞാനതീര്‍ത്ഥ, സ്വാമി ഗുരുപ്രഭാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, തുടങ്ങിയവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു. പ്രഭാതം മുതല്‍ വീഥികളെല്ലാം ശിവഗിരിയിലേയ്ക്കെന്ന വിധം വന്‍വാഹന നിരയും അനുഭവപ്പെട്ടു. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ചിദ്രൂപാനന്ദ, വിശ്വസംസ്കാരഭവന്‍ സെക്രട്ടറി സ്വാമി ശങ്കരാനന്ദ തുടങ്ങിയവര്‍ സഹകാരികളായി ശാരദാസന്നിധിയില്‍ സേവനം അനുഷ്ഠിച്ചു. നവരാത്രി മണ്ഡപത്തില്‍ അപര്‍ണാരാജ് ഉള്‍പ്പെടെ നിരവധി പേരുടെ ഭക്തിഗാനാലാപനം വിദ്യാരംഭ ചടങ്ങുകളെ ഭക്തി സാന്ദ്രമാക്കിക്കൊണ്ടിരുന്നു. നവരാത്രി മണ്ഡപത്തില്‍ കഴിഞ്ഞ 26 മുതല്‍ നടന്നു വന്ന പരിപാടികളും സമാപിച്ചു.

?? https://youtu.be/puhnqmnWCD4

??https://fb.watch/fZdGfZC0DM/