

ശിവഗിരി : തമിഴ്നാട്ടില്‍ ശ്രീനാരായണ സന്ദേശപ്രചരണം വ്യാപകമാക്കുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. മഠത്തിന്‍റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണസഭയുടെ യൂണിറ്റുകള്‍ തമിഴ്നാട്ടില്‍ വ്യാപകമായി രൂപീകരിക്കുന്നതിന് തമിഴ്നാട്ടില് നിന്നും എത്തിയ ഗുരുഭക്തന്‍മാരുടെ യോഗം തീരുമാനിച്ചു. സഭായൂണിറ്റുകളും, മണ്ഡലം ജില്ലാക്കമ്മറ്റികളും രൂപീകരിക്കും. ഗുരുദേവന്‍ സശരീരനായിരുന്ന കാലത്ത് 1913-ല്‍ മധുരയിലും 1916ല്‍ കാഞ്ചീപുരത്തും 1926-ല്‍ മാമ്പലത്തും പിള്ളയാര്‍പ്പെട്ടിയിലും ആശ്രമങ്ങള്‍ സ്ഥാപിച്ചിരുന്നു. ബോധാനന്ദസ്വാമികള്‍ നീലഗിരിയില്‍ ശ്രീനാരായണ സേവാസംഘവും നടരാജഗുരു 1923-ല്‍ ഊട്ടിയില്‍ ശ്രീനാരായണ ഗുരുകുലവും സ്ഥാപിച്ചു. ജസ്റ്റിസ് സദാശിവഅയ്യര്‍, ജസ്റ്റിസ് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിന്താദ്രിപെട്ടില്‍ ശ്രീനാരായണ ദിവ്യസത്സംഗ സമിതിയുണ്ടായിരുന്നു. കാഞ്ചീപുരത്ത് ഗോവിന്ദാനന്ദ സ്വാമികള്‍ സ്ഥാപിച്ച ശ്രീനാരായണ സേവാശ്രമവും ശ്രീനാരായണ സേവാശ്രമം സൗജന്യവൈദ്യശാലയും ഇന്നും ത്മിഴ്നാട്ടിലെ ശ്രദ്ധേയമായ സ്ഥാപനങ്ങളാണ്. തമിഴ്നാട്ടുകാരുടെ നേതാവായിരുന്ന അണ്ണാദുരൈയെപ്പോലെയുള്ളവര്‍പ്പോലും ഇവിടെ താമസിച്ച് ചികിത്സ നടത്തിയിട്ടുണ്ട്. ഗുരുദേവന്‍റെ തമിഴ് ശിഷ്യന്‍ ശാന്തലിംഗസ്വാമികള്‍ മധുര തിരുപ്രംകുണ്ട്രത്തില്‍ സ്ഥാപിച്ച ആശ്രമത്തില്‍ ഗുരുദേവന്‍ പലപ്പോഴും വിശ്രമിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. ഇക്കഴിഞ്ഞ ഗുരുജയന്തിയും ഗുരുദേവ മഹാസമാധി ദിനവും വീരേശ്വരാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ വിപുലമായി സംഘടിപ്പിക്കുകയുണ്ടായി. ശാന്തലിംഗ സ്വാമിയുടെ സമാധി ദിനമായ ഒക്ടോബര്‍ 19 ന് ശ്രീനാരായണധര്‍മ്മ പ്രചരണ സമ്മേളനവും മധുര തിരുപ്രംകുണ്ട്രത്ത് യതിപൂജയും വിപുലമായി സംഘടിപ്പിക്കുന്നതാണെന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്ന് പറഞ്ഞു.
ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി , ട്രഷറര്‍ ശാരദാനന്ദ സ്വാമി , ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി , തമിഴ്നാട്ടിലെ ധര്‍മ്മപ്രചരണത്തിന് നേതൃത്വം വഹിക്കുന്ന വീരേശ്വരാനന്ദ രജിസ്ട്രാര്‍ അഡ്വ. പി.എം. മധു.എന്നിവര്‍ സംസാരിചച്ചു. ഗുരുധര്‍മ്മ പ്രചരണസഭാ തമിഴ്നാട് സംസ്ഥാന ഭാരവാഹികളായി ഇലങ്കോ (പ്രസിഡന്‍റ,് മധുര), ഇനനല്ലപെരിയാര്‍ തിരുന്നല്‍വേലി (വൈസ്പ്രസിഡന്‍റ്), ജയശങ്കര്‍ തിരുന്നല്‍വേലി (ജനറല്‍സെക്രട്ടറി), ഡി. രമേശന്‍ വിരുത് നഗര്‍, മുഹമ്മദ് ഇബ്രാഹിം ചെന്നൈ (ജോയിന്‍റ് സെക്രട്ടറിമാര്‍) കനകവേല്‍ മധുര ട്രഷറര്‍ മുത്തു രാമലിംഗം രാമനാഥപുരം അഡ്വൈസര്‍ ഉള്‍പ്പെടെ 51 അംഗ സ്റ്റേറ്റ്കമ്മിറ്റിയും രൂപീകരിച്ചു. ഒക്ടോബര്‍ മാസം ശിവഗിരി ബ്രഹ്മവിദ്യാലയം കനകജൂബിലിയും ശിവഗിരി തീര്‍ത്ഥാടനനവതിയും വിപുലമായി ആഘോഷിക്കുവാന്‍ സ്വാമി വീരേശ്വരാനന്ദയുടെ നേതൃത്വത്തില്‍ തുടര്‍കാര്യവും നടത്തും.