Sivagiri
കേരളം കാണേണ്ടതുപോലെ കണ്ട് ഗുരുദര്‍ശനത്തില്‍ നിന്നു പ്രവര്‍ത്തിച്ചാല്‍ സമഗ്രപുരോഗതി കേരളത്തിന് കൈവരിക്കാനാകുമെന്നും സ്വാമി പറഞ്ഞു. 

ശിവഗിരി : ശ്രീനാരായണഗുരു അമര്‍ത്യതയെ പ്രാപിച്ച ബ്രഹ്മനിഷ്ഠനാണെന്ന് ശ്രീനാരായണ ധര്‍മ്മസംഘം  ട്രസ്റ്റ് പ്രസിഡന്‍റ്  സച്ചിദാനന്ദ സ്വാമി പറഞ്ഞു. ഗുരുദേവന്‍റെ  95-ാമത്  മഹാസമാധിദിന സമ്മേളാനന്തരം നടന്ന മഹാസമാധി സ്മൃതിയില്‍ അനുഗ്രഹപ്രഭാഷണം  നടത്തുകയായിരുന്നു സ്വാമികള്‍. ബാല്യകാലം മുതല്‍ അദ്ധ്യാത്മ ചിന്താരതനായി ജീവിച്ച ഗുരുദേവന്‍ കുടുംബ ജീവിതത്തിലേയ്ക്ക് ഒരെത്തി നോട്ടം പോലും നടത്താതെ തപസ്സിനായി മരുത്വമല  തെരഞ്ഞെടുത്തു. തപസ്സാണ് മഹാഗുരുക്കന്‍മാരെ സൃഷ്ടിക്കുന്നത്. തപസ്സ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധനാക്കി. യേശുദേവനെ ക്രിസ്തുവാക്കി. അതുപോലെ ചെമ്പഴന്തിയിലെ നാരായണനെ ശ്രീനാരായണ ഗുരുവാക്കി മാറ്റി. ഗുരു 30-ാം വയസ്സില്‍ സമാധിയായി. അതായത് ബ്രഹ്ജ്ഞാനിയായ ഈശ്വര സ്വരൂപനാക്കി. ആ ഗുരു 73-ാം വയസ്സില്‍ ശരീരം ഉപേക്ഷിച്ചതിനെ സാങ്കേതികമായി മഹാസമാധി എന്നു പറയുന്നു.  മഹാസമാധിയെ പ്രാപിച്ച ഗുരുദേവന്‍ അരൂപനായി ലോകമെങ്ങും പ്രകാശിക്കുന്ന പരമാത്മ സത്തയാണ്. ഗുരു ശരീരം ഉപേക്ഷിച്ചതോടെ സര്‍വ്വ വ്യാപിയായി പരബ്രഹ്മസത്തയായി അകവുംപുറവും തിങ്ങുന്ന സത്യസ്വരൂപനായി വിളങ്ങുന്നു. അതുകൊണ്ടാണ് ഗുരുവിന്‍റെ പേരില്‍  ലോകമെമ്പാടും  ആരാധനാലയങ്ങള്‍ ഉയരുന്നത്.  ലോകത്തിന് മറ്റൊന്നിനേക്കാളും ഗുരുവിന്‍റെ മാനവിക ദര്‍ശനം ആവശ്യമാണ്.  അതുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി  ശ്രീനാരായണഗുരു  ഇന്ത്യയുടെ ആത്മചൈതന്യമാണെന്ന് പറഞ്ഞത്.  ഗുരുവിന് തുല്യം ഗുരു മാത്രമെന്ന് മുഖ്യമന്ത്രി ചെമ്പഴന്തിയില്‍ പറഞ്ഞു. ഗുരുദേവ ദര്‍ശനം ലോകത്തിന് തന്നെ ആദരണീയമാണെന്ന് 1958 ല്‍  ജവഹര്‍ലാല്‍ നെഹ്റുവും ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ ഗുരുദേവന്‍ ലോകത്തിന്‍റെ പൊതുസ്വത്താണെന്ന് ഗുരുദേവ സ്റ്റാമ്പ് റിലീസ് ചെയ്തു കൊണ്ട്  പ്രധാന മന്ത്രിയായിരിക്കെ ഇന്ദിരഗാന്ധിയും പറഞ്ഞു. ഗുരുദേവനെ കേരളം കാണേണ്ടതുപോലെ കണ്ട് ഗുരുദര്‍ശനത്തില്‍ നിന്നു പ്രവര്‍ത്തിച്ചാല്‍ സമഗ്രപുരോഗതി കേരളത്തിന് കൈവരിക്കാനാകുമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.