Sivagiri
ശിവഗിരി മഠത്തിലെത്തിയ രാഹുല്‍ഗാന്ധി മഠം ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ : ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ട്രസ്ററ് ബോര്‍ഡംഗം സ്വാമി വിശാലാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സമീപം.

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ നവോത്ഥാന പ്രവര്‍ത്തനങ്ങളാണ് കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും ഭാരതത്തിന് എല്ലാ മേഖലയിലും  മുന്നേറാന്‍ ഗുരുവിന്‍റെ ആശയങ്ങളാണ് കൂടുതല്‍  സഹായകമെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്നലെ ശിവഗിരി മഹാസമാധിയിലെത്തി പ്രാര്‍ത്ഥന  നിര്‍വ്വഹിച്ച ശേഷം വൈദികമഠവും സന്ദിര്‍ശിച്ച് ശിവഗിരി മഠം മുഖ്യകാര്യാലയത്തില്‍ സംന്യാസി  ശ്രേഷ്ഠര്‍ക്കൊപ്പം നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
തന്‍റെ പിതാവും, മുത്തശ്ശിയും ഉള്‍പ്പെടെയുള്ളവര്‍  സന്ദര്‍ശിച്ച ഗുരുദേവന്‍റെ പുണ്യകേന്ദ്രങ്ങളില്‍  എത്തിച്ചേരാന്‍ തനിക്കു കൈവന്ന അവസരം. ജീവിതത്തിലെ മഹാഭാഗ്യമായി കരുതുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.  പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി അരുവിപ്പുറത്തെത്തിയത് സ്വാമിമാര്‍ രാഹുലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. രാഹുല്‍ഗാന്ധിയുടെ അരുവിപ്പുറം സന്ദര്‍ശന ചിത്രവും രാഹുലിന് നല്‍കി.
ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ട്രഷറര്‍ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഗുരുദേവ ജീവ ചരിത്രവും വിവിധ കൃതികളും സംന്യാസിമാര്‍ രാഹുല്‍ ഗാന്ധിയ്ക്ക് കൈമാറി. ചായസത്ക്കാരവും കഴിഞ്ഞു സ്വാമിമാര്‍ക്കൊപ്പം ശാരദാമഠവും സന്ദര്‍ശിച്ചായിരുന്നു മടക്കം.
----------------------------------------------------------------------------------------------------