Sivagiri
ആശ്രമം സെക്രട്ടറിയായി ചാര്‍ജ്ജ് വഹിക്കുന്ന സ്വാമി വീരേശ്വരാനന്ദ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ശാഖാസ്ഥാപനമായ  മധുര തിരുപ്രം കുണ്ട്രം ശ്രീനാരായണ ഗുരു ശാന്തലിംഗ ആശ്രമത്തില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ അന്നദാനത്തിലും സമ്മേളനത്തിലും ഘോഷയാത്രയിലും  പങ്കെടുത്തു.
സമ്മേളനത്തില്‍ ദൈവ നേര്‍ച്ച ഘടകം പ്രസിഡന്‍റ് സ്വാമി ശിവാനന്ദ സുന്ദരരാജ മഹാരാജ് സരസ്വതി അദ്ധ്യക്ഷത വഹിച്ചു. മധുര എം.പി. വെങ്കിടേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാതിമത ചിന്തകള്‍ക്കതീതമായി ഗുരുദേവ ദര്‍ശനമെന്ന ആദര്‍ശത്തിനുമുന്നില്‍ മനുഷ്യത്വമല്ലാതെ ഉള്ളവനും ഇല്ലാത്തവനുമെന്ന വേര്‍തിരിവില്ലായെന്നും എം.പി. പറഞ്ഞു. ഹിന്ദുവും, മുസ്ലീമും ക്രൈസ്തവരും ഒന്നായിച്ചേര്‍ന്നുള്ള ഈ  ആഘോഷം ഏവര്‍ക്കും മാതൃകയാണെന്നും  സംഘടിപ്പിച്ച സ്വാമിയേയും മറ്റു സംഘാടകരേയും അഭിനന്ദിക്കുന്നുവെന്നും എം.പി. തുടര്‍ന്നു പറഞ്ഞു.
മധുര കോര്‍പ്പറേഷന്‍ മേയര്‍ ഇന്ദിരാണി പൊന്‍വസന്തം, ഫാ. ഡോ. സി. അന്‍വിന്‍ രാജന്‍, ഇമാം മുഹമ്മദ് ഇത്തിരി, മദ്രാസ് ഹൈക്കോടതി മുന്‍ജഡ്ജി ബി. നടരാജന്‍, മധുര വൈക്കോണ്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഇലന്തോ എന്നിവര്‍ സംസാരിച്ചു.