Sivagiri
ഘോഷയാത്ര 10 ന് നാലര മണിയ്ക്ക് മഹാസമാധിയില്‍ നിന്നും തിരിക്കും.

ശിവഗിരി മഠത്തിന്‍റെ ആഭിമഖ്യത്തിലുള്ള ഗുരുദേവ ജയന്തി ഘോഷയാത്ര 10 ന് നാലര മണിയ്ക്ക് മഹാസമാധിയില്‍ നിന്നും തിരിക്കും. ഘോഷയാത്രയില്‍ ഗുരുദേവ റിക്ഷ എഴുന്നള്ളിക്കും. കമനീയമായ രഥത്തില്‍ ഗുരുദേവ വിഗ്രഹവും എഴുന്നള്ളിക്കും. വിവിധയിനം താളമേളങ്ങള്‍, കലാരൂപങ്ങള്‍, ഭക്തിഗാനാലാപന സംഘങ്ങള്‍, നൃത്തങ്ങള്‍, നാസിക് ഡോള്‍, അലംകൃത ദീപാലങ്കാരങ്ങള്‍, ഗുരുദേവദര്‍ശനം പ്രതിഫലിപ്പിക്കുന്ന വിവിധ ഫ്ളോട്ടുകള്‍ എന്നിവ അണിനിരന്നുള്ള ഘോഷയാത്ര റെയില്‍വേ സ്റ്റേഷന്‍, മൈതാനം ശ്രീനാരായണ മെഡിക്കല്‍മിഷന്‍ ഹോസ്പിറ്റല്‍ പുത്തന്‍ചന്ത, മരക്കടമുക്ക് ഗുരുമന്ദിരം കിടാവത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, ശിവഗിരി കോളേജ്, നഴ്സിംഗ് കോളേജ് വഴി സഞ്ചരിച്ച് രാത്രി എട്ടിന് മഹാസമാധിയില്‍ തിരിച്ചെത്തും.

ഘോഷയാത്ര കടന്നുപോകുന്ന വീഥികളില്‍ ഭവനങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും നിലവിളക്ക് തെളിയിച്ച് ഗുരുദേവറിക്ഷ എതിരേല്‍ക്കും.

ഘോഷയാത്രയില്‍ പങ്കെടുക്കുന്ന എല്ലാ ഫ്ളോട്ടുകള്‍ക്കും ഗൃഹ-സ്ഥാപന അലങ്കാരങ്ങള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതാണ്. കലാരൂപങ്ങളും ഫ്ളോട്ടുകളും അണി നിരത്തുന്നവര്‍ 10 ന് 12 ന് അകം വിവരം നല്‍കണമെന്ന് ജയന്തി ആഘോഷക്കമ്മിറ്റി സ്വാമി വിശാലാനന്ദ അറിയിച്ചു.

ഗുരുദേവറിക്ഷ പുതിയ രഥത്തില്‍ എഴുന്നള്ളിക്കും

ഗുരുദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തിലുള്ള ഘോഷയാത്രയില്‍ എഴുന്നള്ളിക്കുന്ന ഗുരുദേവ റിക്ഷയ്ക്കായി പുതിയ രഥം തയ്യാറായി. ശിവഗിരി തീര്‍ത്ഥാടന വേളയിലും ഗുരുദേവ ജയന്തി ആഘോഷത്തിനുമാകും റിക്ഷ എഴുന്നള്ളിക്കുക. മറ്റവസരത്തില്‍ ശിവഗിരി വൈദിക മഠത്തിന് സമീപത്തെ റിക്ഷാമണ്ഡപത്തില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കുന്നതിന് നിലവില്‍ അവസരം ഉണ്ട്. യു.എസ്.എയില്‍ നിന്നും പ്രേംനാഥ് സോമശേഖരന്‍ പിള്ളയാണ് പുതിയ രഥം സമര്‍പ്പിക്കുന്നത്.