

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ 168-ാമത് ജയന്തി വിപുലമായി തമിഴ്നാട്ടില്‍ ആഘോഷിക്കും. ശിവഗിരി മഠം ശാഖാസ്ഥാപനമായ മധുര തിരുപ്രംകുണ്ട്രം ശ്രീനാരായണഗുരു മഠം കേന്ദ്രീകരിച്ച് ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി. ഇതിനായി ആശ്രമത്തിലെ സ്വാമി വെങ്കടേശ്വര്‍, സ്വാമി വീരേശ്വരാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
ഗുരുദേവ കൃതികളുടെ പാരായണം, ജയന്തി ഘോഷയാത്ര, സമ്മേളനം, അന്നദാനം വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടാകും. മധുര തിരുനഗറില്‍ നിന്നും തിരുപ്രംകുണ്ട്രം മഠത്തിലേയ്ക്കുള്ള ഘോഷയാത്രയ്ക്ക് ഗുരുദേവ ഫ്ളോട്ടുകള്‍, വിവിധ വാദ്യമേളങ്ങള്‍ എന്നിവ അകമ്പടി സേവിക്കും. ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് ഇല്ലത്തുപിള്ളമാര്‍ തിങ്ങി പാര്‍ക്കുന്ന മധുര, രാജപാളയം, തിരുനല്‍വേലി, വിക്രമസിംഹപുരം എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക വാഹനങ്ങളില്‍ ഭക്തര്‍ എത്തിച്ചേരും. സമ്മേളനത്തില്‍ മന്ത്രിമാര്‍, എം.പി.മാര്‍, കളക്ടര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. മധുര തിരുപ്രംകുണ്ട്രം ആശ്രമത്തില്‍ ആദ്യമായാണ് ഇത്ര വിപുലമായ തോതില്‍ ഗുരുദേവ ജയന്തി ആഘോഷിക്കുന്നത്. പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് ശാന്തലിംഗാശ്രമം.
തമിഴ്നാട്ടില്‍ ജനിച്ച ഗുരുദേവ ശിഷ്യന്‍ ശാന്തലിംഗ സ്വാമി 1913- ലാണ് മഠം സ്ഥാപിച്ചത്. ശിവഗിരി മഠാധിപതിമാരായിരുന്ന കുമാരാനന്ദ സ്വാമി, ബ്രഹ്മാനന്ദ സ്വാമി എന്നിവരും ചിദാനന്ദ സ്വാമി, സച്ചിദാനന്ദ സ്വാമി, ചിതംഭരാനന്ദ സ്വാമി, പത്മാനന്ദ സ്വാമി ഉള്‍പ്പെടെയുള്ളവരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ സ്വാമി വെങ്കിടേശ്വര്‍ , സ്വാമി വീരേശ്വരാനന്ദ എന്നിവരാണ് ആശ്രമ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ജയന്തി ആഘോഷങ്ങള്‍ക്കായി ഇന്‍ഡ്രോയല്‍ സുഗതന്‍ ആദ്യ സംഭാവനയായി രണ്ടു ലക്ഷം രൂപ ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയിക്ക് കൈമാറി. ആഘോഷങ്ങളുടെ ഭാഗമായി ലോഗോ മഹാസമാധിയില്‍ പ്രകാശനം ചെയ്തു.
പ്രമുഖ വ്യവസായി ഇന്‍ഡ്രോയല്‍ സുഗതന്‍ ലോഗോ ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയ്ക്ക് കൈമാറി. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, ഗുരുധര്‍മ്മപ്രചരണ സഭാ വൈസ് പ്രസിഡന്‍റ് അനില്‍ തടാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.