

ശിവഗിരി : അനീതികളെ കണ്ടില്ലായെന്നു സമൂഹം നടിക്കരുതെന്നും നാം പ്രതികരണ ശേഷിയുള്ളവരാകണമെന്നും കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജന്‍ അഭിപ്രായപ്പെട്ടു.
ശിവഗിരി മഠത്തിന് കീഴില്‍ വര്‍ക്കലയിലുള്ള വിവിധ വിദ്യാഭ്യാസ, സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ശിവഗിരി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അസാദി കാ അമൃത് മഹോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ്.
ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിച്ച് സ്വാതന്ത്യം നേടിയെടുത്തപ്പോള്‍ ദേശാഭിമാനികളായ അനേകം പേര്‍ക്ക് ജീവന്‍ ബലികഴിക്കേണ്ടി വന്നിരുന്നു. നമ്മുടെ ജീവിതം നശിപ്പിക്കാന്‍ വന്നാല്‍ നാം സമ്മതിക്കില്ല പ്രതികരിച്ചിരിക്കും. ജീവന് പകരം മറ്റൊന്നില്ല. ആ വിലപ്പെട്ട ജീവിതം ഒട്ടേറെപ്പേര്‍ ഹോമിച്ചാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമായതെന്ന് ജസ്റ്റിസ് സോമരാജന്‍ ഓര്‍മ്മിപ്പിച്ചു.
അധ്യാപകര്‍ സമൂഹത്തിന് മുന്നില്‍ മാതൃകയാവണം. മാതാ- പിതാ-ഗുരു - ദൈവം എന്നാണ് നാം പഠിച്ചിട്ടുള്ളത്. തലമുറകളെ നേര്‍വഴിക്കു നടത്തുവാന്‍ അധ്യാപകര്‍ക്കാണ് കഴിയുക. അവര്‍ തങ്ങളുടെ കടമകള്‍ ശരിയാംവണ്ണം നിറവേറ്റുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് തുടര്‍ന്നു പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഇന്നു നാം തന്നെ നമ്മെ ഭരിക്കുന്നു. രാഷ്ട്രത്തിന്‍റെ ഗതിയെ നിയന്ത്രിക്കുന്നവരായി നമുക്ക് മാറാനായി. പല തലത്തിലുള്ള ഭരണ പങ്കാളിത്തം നാം അനുഭവിക്കുന്നത് നാം തന്നെ രൂപം നല്‍കിയ ചട്ടങ്ങളിലൂടെയാണെന്ന് സ്വാമി പറഞ്ഞു.
ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ശിവഗിരി സ്കൂളുകളുടെ കോര്‍പ്പറേറ്റ് മാനേജരും മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറിയുമായ സ്വാമി വിശാലാനന്ദ, മുനിസിപ്പല്‍ ചെയര്‍മാന്‍, കെ.എം. ലാജി, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഒ. വി. കവിത., ബി.എസ്. ബിബിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്ക്കാര വിതരണവും സ്വാതന്ത്ര സ്മൃതി ചിത്ര പ്രദര്‍ശനം ഉദ്ഘാടനവും ജസ്റ്റിസ് നിര്‍വ്വഹിച്ചു.
വിദ്യാര്‍ത്ഥികള്‍ മലയാളം, ഹിന്ദി, സംസ്കൃതം, അറബി ഭാഷകളില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. വിവിധ കലാപരിപാടികള്‍ കാഴ്ചവയ്ക്കുകയും ചെയ്തു.