Sivagiri

സര്‍വ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭാവമാണ് ശ്രീനാരായണഗുരുദേവന്‍റേതെന്ന് ലോകത്തെ മനസ്സിലാക്കിയതു മഹാകവി കുമാരനാശാനായിരുന്നുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.

കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠം സംഘടിപ്പിച്ച പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. കായിക്കരയില്‍ വെച്ച് ഗുരുവിന്‍റെ ശ്രദ്ധയില്‍പ്പെട്ട കുമാരുവിനെ ഒപ്പം കൂട്ടി അരുവിപ്പുറത്തെത്തിച്ചു. തുടര്‍പഠനത്തിനും അതുവഴി ലോകം കണ്ട മഹാകവിയായും മികച്ച സംഘാടകനാക്കി മാറ്റുവാനും ഗുരുദേവനായി. ശൃംഗാര കവിതകള്‍ എഴുതിയിരുന്ന കുമാരനെ അതില്‍ നിന്നും പിന്തിരിപ്പിച്ചു മലയാളം സാഹിത്യ മേഖലയിലെ പ്രഥമ ഗണനീയനാക്കി മാറ്റാനും ഗുരുദേവനായി എന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്ന് പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവനെ സ്തുതിച്ചുകൊണ്ട് കുമാരനാശാന്‍ രചിച്ച ഗുരുസ്തവം ലക്ഷക്കണക്കിന് ഭക്തര്‍ നിത്യേന ആലപിക്കുന്നതിന് അവസരം ഒരുക്കിയത് ഗുരുവിലെ ഈശ്വരീയ ഭാവം ഉയര്‍ത്തി കാട്ടുന്നു. ആശാന്‍ സ്മരണ നിത്യേന നിലനിര്‍ത്തുവാന്‍ മലയാളത്തിന് കഴിയണമെന്നും ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. പരിപാടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണികയുടെ കോപ്പി ശിവഗിരി മാസിക ചീഫ് എഡിറ്റര്‍ സ്വാമി അവ്യയാനന്ദക്ക് നല്‍കി സച്ചിദാനന്ദ സ്വാമി പ്രകാശനം ചെയ്തു. ശതാബ്ദിയാചരണ കവിത രചന മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് സച്ചിദാനന്ദ സ്വാമിയും, കവിത അവതരിപ്പിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അവ്യയാനന്ദ സ്വാമി, സുകൃതാനന്ദ സ്വാമി, അസംഗാനന്ദഗിരി സ്വാമി എന്നിവരും വിതരണം ചെയ്തു. സംഘാടകസമിതി അംഗങ്ങളായ ഡോ. എം. ജയരാജു, ഷോണി ജെ. ചെറുവിള, പ്രൊഫ. സനല്‍കുമാര്‍, ഇ.എം. സോമനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോര്‍ഡിനേറ്റര്‍മാരായ വെട്ടൂര്‍ ശശി, അജയകുമാര്‍ എസ്. കരുനാഗപ്പള്ളി എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരവും നല്‍കി