സത്യവ്രതസ്വാമികള്‍ ശ്രീനാരായണ ഗുരുവിന്‍റെ വിവേകാനന്ദന്‍ - സച്ചിദാനന്ദ സ്വാമി
ശ്രീനാരായണഗുരുവിന്‍റെ ശിഷ്യപ്രമുഖനായിരുന്ന സത്യവ്രതസ്വാമികള്‍ അറിയപ്പെട്ടിരുന്നത് ഗുരുവിന്‍റെ വിവേകാനന്ദന്‍ എന്ന പേരിലാണ്. പ്രാസംഗികനായിരുന്ന സ്വാമികള്‍ ശാരീരിക ഗാംഭീര്യം കൊണ്ടും ഉയര്‍ന്ന ആലോചനകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന മഹത്വ വ്യക്തിത്വമായിരുന്നു. അദ്ദേഹം ഒരു തലപ്പാവ് കൂടി അണിഞ്ഞാല്‍ ശരിക്കും സ്വാമി വിവേകാനന്ദനെന്ന് എല്ലാവരും പറയുമായിരുന്നു. ശ്രീനാരായണ ഗുരുവിന് സത്യവ്രതനെപ്പോലെ ഒരു ശിഷ്യന്‍ ഉണ്ടായിട്ടില്ല എന്ന് സി. കേശവനും എന്നെക്കൊണ്ട് സവര്‍ണ്ണ ജാഥ നയിപ്പിച്ചത് സ്വാമിയാണെന്ന് മന്നത്ത് പത്മനാഭനും സത്യവ്രതസ്വാമിയെപ്പോലെ സ്വതന്ത്രചിന്തകനായ ഒരാള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് സഹോദരന്‍ അയ്യപ്പനും പറഞ്ഞു. 34 വയസ്സ് തികയുന്നതിന് മുമ്പുള്ള സ്വാമിയുടെ സമാധിയില്‍ ജാതിമതഭേദമെന്യേ മുഴുവന്‍ കേരളീയരും ദു:ഖിച്ചു. വര്‍ത്തമാനം കേട്ടിട്ട് നമുക്ക് ക്ഷീണം തോന്നുന്നു ജാതിയില്ലായ്മ ജീവിതവിശുദ്ധി എന്നീ രണ്ടു കാര്യങ്ങളില്‍ സത്യവ്രതന്‍ ബുദ്ധനെ കൂടി ജയിച്ച ആളാണെന്നാണ് സാക്ഷാല്‍ ഗുരുദേവന്‍ പോലും ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. നായര്‍ സമുദായത്തില്‍ ജനിച്ച അയ്യപ്പന്‍ പിള്ള ഗുരുദേവ ശിഷ്യത്വം സ്വീകരിച്ച് എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ മൈക്ക് ആയത് അന്നത്തെ വലിയ ഒരു സംഭവമാണ്. സത്യവ്രതസ്വാമികളുടെ സമാധി ശതാബ്ദി സെപ്റ്റംബര്‍ രണ്ടിന് രാജ്യമൊട്ടാകെ ഗുരുധര്‍മ്മ പ്രചരണ സഭയുടെയും മറ്റും നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ജി.ഡി.പി.എസിന്‍റെ ആഭിമുഖ്യത്തില്‍ സമാധിശതാബ്ദി സ്മാരകമന്ദിരം നമാമി സത്യവ്രതം എന്ന പേര് സമുദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.