Sivagiri

ദൈവദശകത്തിന്റെ കൊങ്കണി പരിഭാഷ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കൊങ്കണി അംഗീകാര ദിനമായ വ്യാഴാഴ്ച ലോക്ഭവനിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ഗുരുദേവൻ രചിച്ച ‘ദൈവദശകം’ പ്രാര്ർത്ഥനാഗീതത്തിന്ർറെ കൊങ്കണി പരിഭാഷ പ്രകാശനം ചെയ്തു. പരിഭാഷയുടെ പതിപ്പ് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി. കവിയും എഴുത്തുകാരനുമായ ആർ. എസ്. ഭാസ്കറാണ് ‘ദൈവദശകം’ കൊങ്കണി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. പരിഭാഷകളും കവിതാസമാഹാരങ്ങളും ഉൾപ്പടെ നിരവധി കൃതികളുടെ രചയിതാവാണ് ആർ. എസ്. ഭാസ്കർ. ചടങ്ങിനോടനുബന്ധിച്ച് സ്വാമി സച്ചിദാനന്ദ ചൊല്ലിക്കൊടുത്ത ‘ദൈവദശകം’ ഗവർണർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തവർ ഏറ്റുചൊല്ലി. തുടർന്ന് ആർ. എസ്. ഭാസ്കർ ദൈവദശകത്തിന്റെ കൊങ്കണി പരിഭാഷ അവതരിപ്പിച്ചു. ഗുരുധർമ്മ പ്രചരണസഭ യുവജനസഭ പ്രസിഡന്റ് രാജേഷ് സഹദേവൻ, ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, ചാലക്കുടി ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് എ. എ. ഹരിദാസ്, തൃശ്ശൂർ ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് ടി. കെ. സന്തോഷ്, രാധാമണി ഭാസ്കർ, ഡോ. രാജീവ് ഭാസ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊങ്കണി അംഗീകാര ദിനം (കൊങ്കണി മാന്യതാ ദിവസ്) എല്ലാ വർഷവും ഓഗസ്റ്റ് 20-നാണ് ആചരിക്കുന്നത്. 1992 ഓഗസ്റ്റ് 20-ന് കൊങ്കണി ഭാഷയെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്തിയതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.