ശിവഗിരിമഠത്തിലെത്തിയ ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസിനെ ശനിയാഴ്ച ശിവഗിരി മഠം ആദരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആസ്ട്രേലിയയില്‍ സര്‍വമത സമ്മേളന ശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലീ ടാര്‍ലാമിസ് ഭാര്യ ചാവോ ലീ ടാര്‍ലാമിസിനൊപ്പമാണ് മഠം സന്ദര്‍ശിച്ചത്.
ആസ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സമൂഹമുള്ള സംസ്ഥാനമാണ് വിക്ടോറിയ. സാമൂഹിക സാംസ്കാരിക രംഗത്തെ വൈവിധ്യങ്ങള്‍ വെല്ലുവിളിയല്ലെന്നും അത് സമൂഹത്തിന്‍റെ ഒരുമയ്ക്ക് ഏറ്റവും വലിയ ശക്തിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ ലോകത്തെ കൂടുതല്‍ അടുപ്പിച്ചെങ്കിലും തെറ്റിദ്ധാരണകളും അസഹിഷ്ണുതയും സാമൂഹിക വിഭജനങ്ങളും മനുഷ്യരെ അകറ്റുകയാണ്. 'ഇത്തരം സാഹചര്യത്തില്‍ ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിയിലെ അന്നക്ഷേത്രം ആഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് വി. ജോയ് എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിച്ചു.
വിക്ടോറിയന്‍ പാര്‍ലമെന്‍റില്‍ സര്‍വമത സമ്മേളനം സംഘടിപ്പിക്കാന്‍ കഴിഞ്ഞതുപോലെ കേരള നിയമസഭയില്‍ ഇതുവരെ അത്തരമൊരു സമ്മേളനം നടത്താന്‍ ഇടയായിട്ടില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി, ശിവഗിരി മഠം ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചാല്‍ നിയമസഭയോടു ചേര്‍ന്ന ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഈവിധമൊരു സമ്മേളനം സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി. ജോയ് എം.എല്‍.എ. അറിയിച്ചു. മഠത്തിന്‍റെ ആദരമേകുന്ന സാക്ഷീപത്രവും ഉപഹാരവും സ്വീകരിച്ചുകൊണ്ട് ഇനിയും ശിവഗിരി മഠവുമായി സഹകരിച്ചു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചീഫ് വിപ്പ് പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മ പ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, ഫിന്നി മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ മഠത്തിലെത്തിയ അദ്ദേഹം പത്നീ സമേതനായി മഹാസമാധി, വൈദികമഠം,. ശാരദാമഠം, എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. മഠത്തിലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.