ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ശിവഗിരി ആശ്രമത്തിന്റെ മൂന്നാം വാർഷിക ആഘോഷം ശാന്തി ഹവനം, മഹാഗുരുപൂജ, കലാശാഭിഷേകം, സെമിനാർ, സമ്മേളനം, ഭജൻസ്, ഗുരുദേവ കൃതികളുടെ ആലാപനം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.
അദ്വൈതിയായ മഹാഗുരുവിന്റെ വിശ്വമാനവിക ദർശനം, ലോകത്തിന്റെ പ്രത്യാശയാണ്. ആത്മീയ അടിത്തറയിൽ നിന്നും വ്യതിചലിക്കാതെ ഭൗതികമായ വളർച്ചയിലൂടെ പരമ പുരുഷാർത്ഥമായ പൂർണ്ണതയെ പ്രാപിക്കുവാൻ സാധിക്കുമെന്ന ദർശനത്തിലൂടെ സമൂഹത്തെ നയിച്ച ഗുരുവിന്റെ മാതൃക വ്യതിരിക്തമാണന്നു അനുഗ്രഹ പ്രഭാഷണം നടത്തിയ ആശ്രമത്തിന്റെ ആത്മീയാചര്യനായ ഗുരുപ്രസാദ് സ്വാമി ചൂണ്ടിക്കാണിക്കുകയുണ്ടായി.
ജാതി, മത, വർണ്ണ, വർഗ്ഗ, കാല, ദേശ ഭേദമില്ലാതെ ഏതൊരു വ്യക്തിക്കും സ്വീകര്യമാകുന്ന ഗുരുദേവ ദർശനം പാശ്ചാത്യ ലോകത്ത് പ്രചരിപ്പിക്കുന്നതിന്റെ കാലിക പ്രസക്തി ചൂണ്ടിക്കാണിച്ച ആശ്രമം പ്രസിഡണ്ട് ഡോ. ആലുമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാർ, അതിനായി ആശ്രമം ചെയ്യുവാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ അവതരിപ്പിക്കുകയുണ്ടായി.
അമേരിക്കയിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായ ഡോ. കൃഷ്ണകുമാർ കാലഘട്ടത്തിന്റെ ഗുരു, ഉദ്ബോധനവും ദർശനവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു .
ഗുരുദേവന്
ചടങ്ങിൽ അമേരിക്കൻ ആശ്രമം പാശ്ചാത്യരായുള്ള ആളുകളിൽ ഗുരുവിനെ പരിചയപ്പെടുക്കുന്നതിനു ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു വൈസ് പ്രസിഡണ്ട് അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി ആശ്രമ ബന്ധുക്കളും ആഘോഷ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി.