Sivagiri
ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍അദ്ധ്യക്ഷനും ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളുടെ ആത്മീയ ആചര്യനുമായിരുന്ന ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമി സമാധി പ്രാപിച്ചിട്ട് ഇന്ന് (ജൂലൈ 7) ഒരു വര്‍ഷം തികയുന്നു.
പ്രകാശാനന്ദ സ്വാമികളുടെ ജനനം കൊല്ലം ജില്ലയിലെ പിറവന്തൂരിലുള്ള കളത്താരടി തറവാട്ടിലാണ്. പിതാവ് രാമനും മാതാവ് വെളുമ്പിയുമാണ്. സ്മര്യപുരുഷന്‍റെ ജനനം 1923 വൃഷ്ചികത്തിലെ അനിഴം നക്ഷത്രത്തിലാണ്. പൂര്‍വ്വാശ്രമത്തിലെ പേര് കുമാരന്‍. കൊച്ചുകുമാരന്‍റെ മാതാവ് തികഞ്ഞ ഈശ്വര ഭക്തയായിരുന്നു. അമ്മയില്‍ നിന്നാവാം കുമാരന് ചെറുപ്പത്തിലേ ഈശ്വരഭക്തനാകുന്നതിന് പ്രേരണയും പ്രോത്സാഹനവും ലഭിച്ചത്. ചെറുപ്പം മുതല്‍ തന്നെ കുമാരന്‍ കൃഷിയിലും വീട്ടുകാര്യങ്ങളിലും അമ്മയേയും അച്ഛനേയും സഹായിച്ചു പോന്നു. പൊതുവില്‍ കഠിനാദ്ധ്വാനം കുമാരന്‍റെ മുഖമുദ്രയായിരുന്നു. അതോടൊപ്പം തന്നെ ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കുന്നതിലും പ്രത്യേകം താത്പ്പര്യം കാണിച്ചിരുന്നു.

ഭക്തി കുമാരനെ നിരന്തരമായി ചിന്താകുലനാക്കുകയും ഭൗതിക ജീവിതത്തോട് വിരക്തി തോന്നിപ്പിക്കുകയും ചെയ്തു. കാലക്രമത്തില്‍ ഭക്തി രൂഢമൂലമാകുകയും ആദ്ധ്യാത്മിക ജീവിതമാണ് തന്‍റെ മാര്‍ഗമെന്ന് ഉറപ്പിക്കുകയും ചെയ്തു. 23-ാം വയസ്സില്‍ വീടും നാടുമെല്ലാം ഉപേക്ഷിച്ച് ശിവഗിരി മഠത്തില്‍ എത്തിച്ചേര്‍ന്നു. അന്ന് മഠാധിപതിയായിരുന്നത് ഗുരുവിന്‍റെ നേര്‍ ശിഷ്യനായ ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളായിരുന്നു. ജനറല്‍ സെക്രട്ടറിയായി സേവന മനുഷ്ഠിച്ചിരുന്നത് ദിവ്യശ്രീ ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളും ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അന്നത്തെ ഭരണാധികാരികള്‍ക്കും മറ്റ് സംന്യാസിമാര്‍ക്കും കുമാരന്‍റെ ഗുരുഭക്തിയും ത്യാഗപൂര്‍ണ്ണമായ സേവന തത്പരതയും ബോദ്ധ്യപ്പെട്ടു. അതുകൊണ്ട് തന്നെ കുമാരനെ ചുമതലകളൊക്കെ ഏല്‍പ്പിക്കാന്‍ തുടങ്ങി. ശിവഗിരിയില്‍ മഹാസമാധി മന്ദിരത്തിലും ശാരദാമഠത്തിലുമൊക്കെയുള്ള സേവനത്തെത്തുടര്‍ന്ന് ശാഖാസ്ഥാപനങ്ങളായ അരുവിപ്പുറത്തും കുന്നുംപാറ ക്ഷേത്രത്തിലുമൊക്കെ അയച്ചു.

കുറേക്കാലത്തെ സേവനത്തിന് ശേഷം കുമാരന്‍ ഒരു തീര്‍ത്ഥയാത്രയ്ക്ക് പുറപ്പെട്ടു. ഒരു ഭാരതപര്യടനം. ആദ്ധ്യാത്മികത മനുഷ്യരില്‍ വളര്‍ത്തിയെടുക്കുന്നതില്‍ തീര്‍ത്ഥയാത്രകള്‍ക്ക് വലിയ പങ്കാണ് ഉള്ളത്. ഭാരതത്തിലെ വിവിധ പരമ്പരകളിലെ ആദ്ധ്യാത്മികാചാര്യന്‍മാര്‍ എല്ലാം തന്നെ സംന്യാസിമാര്‍ക്കും ബ്രഹ്മചാരികള്‍ക്കും തീര്‍ത്ഥയാത്ര അവരുടെ ആത്മീയ ജീവിതത്തിന്‍റെ ഭാഗമായി അംഗീകരിച്ചു പോരുന്ന ഒരു പാരമ്പര്യവുമുണ്ട്. തീര്‍ത്ഥാടനങ്ങളിലൂടെ ലോക പരിചയവും ത്യാഗസന്നദ്ധതയും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നു മാത്രമല്ല, അറിവു നേടാനും വിവിധ സംന്യാസ പരമ്പരകളുടെ ആശ്രമ വ്യവസ്ഥകളും ആചാരാനുഷ്ഠാനവും മറ്റും പഠിക്കാനും സാധിക്കും. അതിനെല്ലാമുപരിയായി സംന്യാസത്തോടുള്ള ആഭിമുഖ്യം ഒന്നുകൂടി ഉറപ്പിക്കുവാനും കഴിയും. രണ്ട് വര്‍ഷത്തോളം കന്യാകുമാരി മുതല്‍ നേപ്പാള്‍ വരെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളും ആശ്രമങ്ങളും സിദ്ധ പുരുഷന്‍മാരുടെ ജന്‍മസ്ഥലങ്ങളും സമാധിസ്ഥാനങ്ങളും സന്ദര്‍ശിച്ചു. തീര്‍ത്ഥയാത്ര മിക്കവാറും കാല്‍നടയായിട്ടായിരുന്നു. വൈകുന്നേരങ്ങളില്‍ എവിടെയെത്തിച്ചേരുന്നോ അവിടെത്തന്നെ അന്തിയുറങ്ങി വീണ്ടും യാത്ര തുടരുന്നു. ഈ ആത്മീയ യാത്രയുടെ ഫലമായി മനുഷ്യത്വത്തോടൊപ്പം തന്നെ മുമുക്ഷുത്വവും മഹാപുരുഷ സംശ്രയവും നേടാനായി. സത്സംഗത്തിലൂടെ അന്ത:ക്കരണം ശുദ്ധീകരിക്കപ്പെട്ട് സംന്യാസത്തിന് പാകമായി.

വീണ്ടും ശിവഗിരിയിലെത്തിച്ചേര്‍ന്ന കുമാരന് അവസാനത്തെ മഠാധിപതിയായിരുന്ന ശങ്കരാനന്ദ സ്വാമികള്‍ തന്നെ സംന്യാസ ദീക്ഷ നല്‍കി. സ്വാമി പ്രകാശാനന്ദ എന്ന നാമവും മന്ത്രോപദേശവും നല്‍കി അനുഗ്രഹിച്ചു. തുടര്‍ന്ന് കോവളത്തിനടുത്തുള്ള മുട്ടയ്ക്കാട് കുന്നുംപാറ ക്ഷേത്രം & മഠത്തില്‍ ചുമതലക്കാരനായി നിയോഗിച്ചു. അങ്ങനെ ശ്രീനാരായണ ഗുരു സ്വാമികള്‍ തന്നെ തൃക്കൈവിളയാടി സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ച് അത് ദക്ഷിണ പഴനിയാകുമെന്ന് അനുഗ്രഹിച്ചിട്ടുള്ള കുന്നുംപാറ ക്ഷേത്രത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാറയും കുന്നും നിറഞ്ഞ ആ പ്രദേശത്ത് അന്ന് കാര്യമായ ആദായമൊന്നും തന്നെയില്ലായിരുന്നു. സ്വാമിജിയുടെ സ്വന്തമായ അദ്ധ്വാനം കൊണ്ട് കാലക്രമത്തില്‍ തെങ്ങും വാഴയും കപ്പയും കാച്ചിലും ചേനയും പച്ചക്കറികളുമൊക്കെ വിളയുന്ന നല്ലൊരു കൃഷി ഭൂമിയാക്കി മാറ്റി. ഈ കാലയളവില്‍ സ്വാമിജി അവിടത്തെ സെക്രട്ടറിയും പൂജാരിയും പാചകക്കാരനും കൃഷിപ്പണിക്കാരനും സെക്യൂരിറ്റിയുമെല്ലാമായിരുന്നു. പല ഘട്ടങ്ങളിലും കുന്നുംപാറയില്‍ നിന്ന് ശിവഗിരി മഠത്തിലേയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.

ശ്രീനാരായണ ഭക്തോതംസം എം. പി. മൂത്തേടത്ത് ഗുരുപാദകാണിക്കയായി നിര്‍മ്മിച്ചു സമര്‍പ്പിച്ച മഹാസമാധി മന്ദിരത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുന്നത് 1967-68 ലാണ്. ആ പുണ്യമാര്‍ന്ന ചടങ്ങിന് ദൃസാക്ഷിയാകാനും സ്വാമികള്‍ക്ക് കഴിഞ്ഞു. 1970 മുതല്‍ 1979 വരെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈ കാലയളവിലാണ് അന്താരാഷ്ട്ര ഗുരുവര്‍ഷാചരണം നടത്തിയതും അതിന്‍റെ സ്മാരകമായി ശിവഗിരി - വിദ്യാര്‍ത്ഥി സദനം നിര്‍മ്മിക്കാന്‍ കഴിഞ്ഞതും. ഇതിനെല്ലാമുപരിയായി ഇപ്പോള്‍ കനകജൂബിലിയുടെ നിറവില്‍ എത്തിയിരിക്കുന്ന സര്‍വ്വമത സമാശ്ലേഷിയായ മതമഹാപാഠശാലയിലൂടെ (ബ്രഹ്മവിദ്യാലയത്തിന്‍റെ) സംന്യാസ ശിഷ്യ പരമ്പരയെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനമാരംഭിക്കുന്നതും ഇതേ കാലയളവില്‍ തന്നെയാണ്. 1980 -ല്‍ സ്വാമിജിയുടെ ഷഷ്ഠിപൂര്‍ത്തിക്ക് ശേഷം 9 വര്‍ഷത്തിലധികം മൗനവ്രതമനുഷ്ഠിച്ചു.

1995 ഒക്ടോബര്‍ 11 മുതല്‍ 1997 ജൂണ്‍ 24-ാം തീയതി വരെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റായി. തുടര്‍ന്നുണ്ടായ ചില തര്‍ക്കത്തെ ത്തുടര്‍ന്ന് ഗവണ്‍മെന്‍റ് ശിവഗിരി മഠം ഏറ്റെടുക്കുകയുണ്ടായി. ഈ നടപടിയ്ക്കെതിരെ സ്വാമി ബഹുമുഖ സമരപരിപാടികള്‍ ആരംഭിച്ചു. ആറ്റിങ്ങല്‍ സബ്കോടതി മുതല്‍ സുപ്രീംകോടതി വരെയുള്ള നിയമ വ്യവഹാരം ഒരു വശത്ത് മറുഭാഗത്ത് ജനകീയ ബോധവത്ക്കരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും തുടരുന്നതിനിടയില്‍ ത്തന്നെ ശിവഗിരി മഠം തിരികെ ഏല്‍പ്പിക്കുന്നതുവരെയോ അഥവാ മരണം വരെയോ ഉള്ള ഉപവാസവുമാരംഭിച്ചു. ഉപവാസ പരിപാടിയില്‍ നിന്ന് പിന്‍തിരിക്കാന്‍ പല ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടായെങ്കിലും സ്വാമിജി എടുത്ത തീരുമാനത്തില്‍ തന്നെ അവസാന നിമിഷം വരെ ഉറച്ചു നിന്നു. 31-ാം ദിവസം ബഹു: ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് മാത്രമാണ് ടി ഉപവാസം അവസാനിപ്പിച്ചത്. ഈ കാലയളവില്‍ അപൂര്‍വ്വം ചില സുമനസ്സുകള്‍ മാത്രമേ പ്രകാശാനന്ദ സ്വാമികള്‍ക്ക് പ്രത്യക്ഷമായി സഹായവും സഹകരണവും നല്‍കാനുണ്ടായിരുന്നുള്ളൂ. പല ഘട്ടങ്ങളിലും നമ്മുടെ സംന്യാസിമാര്‍ പോലും ഇതില്‍ നിന്ന് പിന്‍തിരിയണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും സ്വാമികള്‍ ദൃഢചിത്തനായി ഇതിന്‍റെ പരിസമാപ്തി എന്തുതന്നെയായാലും വ്യക്തിപരമായി എനിയ്ക്കൊന്നുമില്ല. എന്‍റെ തീരുമാനത്തില്‍ നിന്ന് ഞാന്‍ ഒരിക്കലും പിന്‍മാറുകയില്ലായെന്ന് ഉറപ്പിച്ചു പറഞ്ഞു. ഉപവാസാവസാനം ആരോഗ്യ സ്ഥിതി കുറച്ച് വഷളാവുകയും ഇനി ശ്രദ്ധിച്ചില്ലെങ്കില്‍ എന്തും സംഭാവിക്കാമെന്ന് മുന്നറിയിപ്പുകള്‍ ഡോക്ടര്‍മാര്‍ നല്‍കിയെങ്കിലും സ്വാമികള്‍ പിന്‍മാറാന്‍ തയ്യാറായില്ല.

ബഹു: സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 2006 നവംബര്‍ 6-ാംതീയതി പ്രകാശാനന്ദ സ്വാമിജി വീണ്ടും ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 2016 നവംബര്‍ 6 വരെ ആ സ്ഥാനത്ത് തുടരുന്നു. ഇക്കാലയളവില്‍പ്പോലും സ്വാമിജി തന്‍റെ മുറി വൃത്തിയാക്കുക, വസ്ത്രം അലക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും സ്വയം തന്നെ നിര്‍വ്വഹിച്ചുപോന്നു. സമാധി പ്രാപിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെയും അങ്ങനെതന്നെ തുടര്‍ന്നു. സ്വാമിജിയുടെ ജീവിതത്തെ വിലയിരുത്തുമ്പോള്‍ സ്വാമിജി ലാളിത്യത്തിന്‍റെ മൂര്‍ത്തീമത് ഭാവം തന്നെയായിരുന്നു എന്ന് ആര്‍ക്കും ബോദ്ധ്യപ്പെടും.

പത്തുവര്‍ഷക്കാലം പ്രകാശാനന്ദ സ്വാമിജിയോടൊപ്പം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കാന്‍ ഗുരുകാരുണ്യത്താല്‍ ഈ ലേഖകനും അവരം ലഭിച്ചു. സഹോദര നിര്‍വ്വിശ്ശേഷമായ ഒരു വാത്സല്യം എന്നോട് എന്നുമുണ്ടായിരുന്നു. പ്രകാശാനന്ദ സ്വാമി പ്രസിഡന്‍റായിരുന്ന കാലയളവിലാണ് ശിവഗിരി തീര്‍ത്ഥാടന പ്ലാറ്റിനം ജൂബിലിയാഘോഷം, മതമഹാപാഠശാലയുടെ 25-ാം വാര്‍ഷികം, ശ്രീശാരദാ പ്രതിഷ്ഠാ ശതാബ്ദിയാഘോഷം, ദൈവദശക രചനാശതാബ്ദിയാഘോഷം തുടങ്ങിയവ സംഘടിപ്പിക്കാനും ഈ ആഘോഷപരിപാടികള്‍ക്കെല്ലാം അര്‍ഹമായ സ്മാരകങ്ങളുണ്ടാക്കാനും കഴിഞ്ഞത്. ഒരിക്കല്‍ പോലും ഒരു കാര്യത്തിലും ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകേണ്ടി വന്നിട്ടില്ലായെന്ന് ഇത്തരുണത്തില്‍ പ്രത്യേകമായി സ്മരിക്കുന്നു. ശിവഗിരിയുടെ വികസനത്തിന് വേണ്ടി മുന്നോട്ട് വച്ചിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും കലവറയില്ലാത്ത പിന്‍തുണയും നിര്‍ദ്ദേശങ്ങളും അവസാനകാലം വരെ സ്വാമിജി നല്‍കിയിരുന്നു.

സംന്യാസിയെന്നാൽ പരോപകാരി ത്യാഗി എന്ന നിര്‍വ്വചനം അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗികമാക്കിയ സ്വാമിജിയുടെ ദീപ്തമായ സ്മരണയ്ക്ക് മുന്നില്‍, ത്യാഗപൂര്‍ണ്ണമായ ഗുരുസേവയ്ക്ക് മുന്നില്‍ നമ്രശിരസ്കനായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.