Sivagiri

ശിവഗിരി:  മഹാസമാധി മന്ദിരത്തോട് ഓരം ചേര്‍ന്നു നില്‍ക്കുന്ന പ്ലാവിന് നാളെ സുഖചികിത്സ. വാര്‍ദ്ധക്യസഹജമായ ക്ഷീണമാണ് പ്ലാവിന് നിലവിലുള്ളത്. എങ്കിലും നൂറ്റാണ്ട് പിന്നിട്ട ഈ  പ്ലാവ് ശിവഗിരിയിലെത്തുന്ന ഗുരുദേവ ഭക്തര്‍ക്ക് തണലേകി നിലകൊള്ളുന്നു. ഈ പ്ലാവിന്‍ ചുവട്ടിലിരുന്ന് ഗുരുദേവ കീര്‍ത്

നങ്ങള്‍ ഉരുവിട്ട് മടങ്ങുന്നത് ജന്മപുണ്യമായി ഭക്തര്‍ കരുതിപ്പോരുന്നു. ഒരു ദിനം പോലും ഭക്തജന സാന്നിധ്യം ഒഴിയുന്നില്ല. നാടിന്‍റെ നാനാഭാഗത്തുനിന്നും ഒറ്റയ്ക്കും കൂട്ടമായും എത്തുന്നവര്‍ ശാരദാ മഠത്തിലും വൈദിക മഠത്തിലും പര്‍ണ്ണശാലയിലും ദര്‍ശനശേഷം മഹാസമാധിപീഠത്തില്‍ എത്തി പ്രാര്‍ത്ഥനയെ തുടര്‍ന്ന് ഗുരുദേവന്‍റെ കരസ്പര്‍ശനമേറ്റ് വളര്‍ന്ന ഈ പ്ലാവിന്‍ ചുവട്ടിലിരുന്ന് ഗുരുദേവ സ്തുതികള്‍ ഉരുവിടുക എന്നത് വലിയൊരു നിയോഗമായി കാണുന്നു.

ഗുരുദേവന്‍ ശിവഗിരിക്കുന്നില്‍ വിശ്രമിക്കുന്ന വേളയില്‍ ഭക്തര്‍ കാണിക്കയായി വിവിധയിനം ഫലമൂലാദികള്‍ സമര്‍പ്പിച്ചിരുന്നപ്പോള്‍ ഒരു ഭക്തന്‍ കാഴ്ചവെച്ച ചക്ക പഴത്തില്‍ നിന്നും ഒരു കുരുവെടുത്ത് ചെറുകുഴിയില്‍ നട്ടതാണ് ഈ പ്ലാവെന്ന് ചരിത്രം. 122 വര്‍ഷമാണ് പ്രായം             കണക്കാക്കിയിട്ടുള്ളത്. ഗുരുദേവന്‍റെ ഇഷ്ട വൃക്ഷങ്ങളിലൊന്നു കൂടിയാണ് പ്ലാവ.് തണലുമായി ഫലവും ആയി എന്നാണ് ഇവിടെ ഗുരുമൊഴി. പ്ലാവു ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നവരും സഹകാരികളും ഇന്ന് ശിവഗിരിയില്‍ എത്തിച്ചേരും. വിവിധ ഇനങ്ങളില്‍പ്പെട്ട മുപ്പതോളം വിഭവങ്ങളാണ് ചികിത്സയ്ക്കായി വേണ്ടി വരിക. പരിസ്ഥിതി പ്രവര്‍ത്തകനും വൃക്ഷവൈദ്യനുമായ കെ ബിനു ആണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുക. പശുവിന്‍പാല്‍, നെയ്യ,് ചെറുതേന്‍, കദളിപ്പഴം, വയലിലെ മണ്ണ,് രാമച്ചപ്പൊടി, കറുത്ത എള്ള്, ചെറുപയര്‍, മുത്തങ്ങ, ശര്‍ക്കര, നല്ലെണ്ണ, തൈര് തുടങ്ങിയവയും ഉള്‍പ്പെടുത്തിയാണ് ചികിത്സാ ഔഷധ കൂട്ടു തയ്യാറാക്കുന്നത്. മൂന്ന് ലിറ്റര്‍ പശുവിന്‍ പാല്‍ ഏഴു ദിവസം പ്ലാവില്‍ ചുറ്റിയ തുണിയിലേക്ക് സ്പ്രേ ചെയ്തുകൊണ്ടാണ് ചികിത്സയെന്ന് ബന്ധപ്പെട്ടവര്‍ വിശദമാക്കി. നേരത്തെ ഗുരുദേവന്‍റെ ജന്മഗൃഹം ചെമ്പഴന്തിയില്‍ ഗുരുകുലം ഓഫീസിന്‍റെ മുന്നില്‍ നിലകൊള്ളുന്ന മുത്തശ്ശി പ്ലാവിനും, ശ്രീനാരായണ ധര്‍മ്മസംഘത്തിന് രൂപം നല്‍കിയ തൃശ്ശൂര്‍, കൂര്‍ക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലെ പ്ലാവിനും ബിനുവിന്‍റെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയിരുന്നു. ഈ പ്ലാവുകള്‍ ആരോഗ്യത്തോടെ നിലകൊള്ളുന്നു.

കോട്ടയം പാലായിലെ കരുണാ ആശുപത്രി ഉടമ ഡോ. സതീഷ് ബാബുവാണ് വഴിപാടായി ചികിത്സാചെലവ് വഹിക്കുക. കാഞ്ഞിരപ്പള്ളിയിലെ ഷാജു കുമാര്‍ ഭാര്യ ഷീല ടീച്ചര്‍ എന്നിവരാണ് ഡോക്ടര്‍ സതീഷ് ബാബുവിന്‍റെ ശ്രദ്ധയില്‍ മഹാസമാധിയിലെ പ്ലാവിന്‍റെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ഡോക്ടര്‍ രംഗത്തെത്തിയത്.