Sivagiri

ശിവഗിരി: 93-ാമതു ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നൽകുന്ന ആദ്യ പുരസ്കാരം വിദ്യാഭ്യാസത്തിന് മികച്ച സേവനം ചെയ്യുന്ന പ്രസ്ഥാനത്തിന് നൽകുമെന്ന് തീർത്ഥാടന കമ്മറ്റി അറിയിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ ദിവ്യാനുഗ്രഹത്തോടെ ആരംഭിച്ച ശിവഗിരി തീർത്ഥാടനം, വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, ക

ഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്ര–സാങ്കേതിക പരിശീലനം എന്നീ എട്ട് മഹത്തായ ലക്ഷ്യങ്ങളെ (അഷ്ടലക്ഷ്യങ്ങൾ) ആധാരമാക്കി സമൂഹത്തിന്റെ ആത്മീയ–സാമൂഹിക ഉന്നമനത്തിനായി നിലനില്ക്കുന്നു.

ഈ അഷ്ടലക്ഷ്യങ്ങളെ ജീവിതത്തിലും സമൂഹത്തിലും പ്രാവർത്തികമാക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് (SNDST) ഈ വർഷം മുതൽ “ശിവഗിരി തീർത്ഥാടന പുരസ്കാരം” എന്ന പേരിൽ വാർഷിക പുരസ്കാരം ഏർപ്പെടുത്തിയിരിക്കുകയാണ്.

ശിവഗിരി തീർത്ഥാടനത്തിന്റെ പ്രഥമ വിഷയമായ “വിദ്യാഭ്യാസം” എന്ന ആശയത്തെ മുൻനിർത്തിയാണ് 2025 വർഷത്തേക്കുള്ള ആദ്യ ശിവഗിരി തീർത്ഥാടന പുരസ്കാരം നൽകുന്നത്.

ഗുരുദേവന്റെ “വിദ്യകൊണ്ട് സ്വതന്ത്രരാകുക " എന്ന ദർശനത്തെ ആധുനിക കാലഘട്ടത്തിൽ അതുല്യമായി പ്രാവർത്തികമാക്കുന്ന സ്ഥാപനത്തെയോ വ്യക്തിയേയോ ആദരിക്കുകയാണ് ഈ പുരസ്കാരത്തിന്റെ ലക്ഷ്യം.

പുരസ്കാര നിർണ്ണയത്തിനായി രൂപീകരിച്ച ജൂറിയിൽ മുൻ കേരള ചീഫ് സെക്രട്ടറിയും പ്രശസ്ത സിവിൽ സർവന്റും അക്കാദമീഷ്യനുമായ ഡോ. കെ. ജയകുമാർ അദ്ധ്യക്ഷനും കേരള അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ പി. വിജയൻ IPS, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതിരാജ് എന്നിവർ അംഗങ്ങളാണ്.

ശിവഗിരി തീർത്ഥാടന പുരസ്കാരം

• ₹ 1,00,001/- (ഒരു ലക്ഷത്തി ഒരു രൂപ)

• സ്മാരക ഫലകം

• പ്രശസ്തിപത്രം എന്നിവയായിരിക്കും വിജയികൾക്ക് നൽകുന്നത്.

പ്രസ്തുത പുരസ്കാരം 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമ്മേളനത്തിൽ,

2025 ഡിസംബർ 31-ന്,

ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സമ്മാനിക്കുന്നതാണ്.

വരും വർഷങ്ങളിൽ, ശിവഗിരി തീർത്ഥാടനത്തിന്റെ മറ്റ് അഷ്ടലക്ഷ്യങ്ങളായ ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ ശാസ്ത്ര–സാങ്കേതിക പരിശീലനം തുടങ്ങിയ മേഖലകളിൽ ഗുരുദേവന്റെ സന്ദേശങ്ങൾ സമൂഹത്തിൽ ശക്തമായി പ്രചരിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരങ്ങളിലൂടെ ആദരിക്കുന്നതായിരിക്കുമെന്നും തീർത്ഥാടന കമ്മറ്റി അറിയിച്ചു.