Sivagiri

ശിവഗിരി : 93 മത് ശിവഗിരി മഹാതീര്‍ത്ഥാടനത്തെ വരവേറ്റുകൊണ്ട് ശിവഗിരി കുന്നുകളിലും പരിസരപ്രദേശങ്ങളിലും വിവിധ വര്‍ണ്ണ വൈദ്യുതി ദീപങ്ങള്‍ മിഴി തുറക്കും. ഒരുമാസക്കാലത്തിലേറെയായി നിരവധി പേര്‍ ഇതുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിച്ചു വരികയാണ്. വൃക്ഷലതാദികളിലും ശിഖരങ്ങളിലും മഹാസമാധിയിലും, വ

ദിക മഠത്തിലും, ശാരദ മഠത്തിലും, റിക്ഷാ മണ്ഡപത്തിലും, ബോധാനന്ദ സ്വാമി സമാധി പീഠത്തിലും, ശിവഗിരി മഠം കേന്ദ്ര കാര്യാലയത്തിലും, ഗുരുധര്‍മ്മ പ്രചരണസഭ ദൈവദശകം സ്മാരക മന്ദിരത്തിലും, പ്രധാന അതിഥി മന്ദിരത്തിലും, ശങ്കരാനന്ദ നിലയത്തിലും എന്നിങ്ങനെ ശിവഗിരിയിലെ എല്ലാ അനുബന്ധ സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ ദീപാലങ്കാരങ്ങള്‍ തെളിയും. ദീപാലങ്കാരങ്ങള്‍ മിഴിതുറക്കുന്നതോടെ സായംസന്ധ്യകളില്‍ ദൂരദേശത്തില്‍ നിന്നുള്ളവര്‍ക്കൊപ്പം വര്‍ക്കലയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള ഒട്ടനവധി പേര്‍ ശിവഗിരി മഠത്തിലേക്ക് എത്തിക്കൊണ്ടിരിക്കും. ഇനിയുള്ള ദിവസങ്ങളില്‍ പ്രഭാഷണങ്ങളും ഭക്തിഗാന സദസ്സുകളും കലാപരിപാടികളും നൃത്തസന്ധ്യകളും നടക്കും. ആയിരങ്ങളെ ശിവഗിരിയിലേക്ക് ആകര്‍ഷിക്കും വിധമാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. എല്ലാ കാര്യങ്ങളിലും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷററും തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ , മറ്റു സന്യാസി ശ്രേഷ്ഠര്‍ തുടങ്ങിയവര്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ യഥാസമയങ്ങളില്‍ നല്‍കിവരുന്നു. തീര്‍ത്ഥാടനക്കാലം സമാഗമമായതിനെത്തുടര്‍ന്ന് നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും പതിവിലേറെ ഭക്തര്‍ നിത്യേന ശിവഗിരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയുമാണ്.