Sivagiri

 

 

ശിവഗിരി : കുടുംബബന്ധങ്ങളുടെ മൂല്യം തകര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ശ്രീനാരായണ ഗുരുദേവദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സംസ്ഥാന ക്ഷീരവികസനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. ഗുരുധര്‍മ്മ പ്രചരണ സഭയുടെ വനിതാ വിഭാഗമായ മാതൃസഭയുടെ കേന്ദ

്രതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ഏല്‍പ്പിക്കുന്ന രീതി വര്‍ദ്ധിച്ചുവരികയാണ്. ഏറെ കരുതല്‍ നല്‍കേണ്ട മക്കളില്‍ നിന്നുമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഈ വിധം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാളെ ഇതേ അനുഭവം തങ്ങളുടെ മക്കളില്‍ നിന്നും നേരിടേണ്ടി വന്നേക്കാമെന്നും ചിഞ്ചുറാണി പറഞ്ഞു.
    ലോകത്ത് എവിടെച്ചെന്നാലും ശ്രീനാരായണ ഗുരുദേവ പ്രസ്ഥാനങ്ങളും ഭക്തരും ഇന്നുണ്ട്. നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അവസരം വന്നപ്പോളൊക്കെ പലരുമായും പരിചയപ്പെടാനായി. അവിടെയൊക്കെ ഗുരുദേവദര്‍ശനം പ്രചരിപ്പിക്കുന്നുമുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുവാന്‍ ഗുരുദേവന്‍ പ്രേരിപ്പിച്ചിരുന്നു. പാല്‍ ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലായി. അരുവിപുറത്തേയും ശിവഗിരിയിലെയും ഗോശാലകള്‍ സന്ദര്‍ശിക്കുവാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു. ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.
    അടുക്കളയില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീ സമൂഹത്തെ ജീവിതത്തിന്‍റെ മുഖ്യധാരയില്‍ എത്തിച്ചതില്‍ ഗുരുദേവന്‍റെ പങ്ക് ഏറെയായിരുന്നു എന്നും സ്ത്രീ സമ്മേളനം ആദ്യമായി അരുവിപ്പുറത്ത് വിളിച്ചു ചേര്‍ത്തത് ഗുരുദേവന്‍ ആയിരുന്നു എന്നും സ്വാമി പറഞ്ഞു. അരുവിപ്പുറം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ഡോ. പല്‍പ്പുവിന്‍റെ മാതാവ് പപ്പമ്മയായിരുന്നു. നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണം വിറ്റും മക്കളെ പഠിപ്പിക്കണമെന്ന് അവര്‍ നല്‍കിയ ഉപദേശത്തിന് കാലിക പ്രാധാന്യം ഏറെയെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
    ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനനഗിരി സംഘടനാ സന്ദേശം നല്‍കി. മാതൃസഭ പ്രസിഡന്‍റ് ഡോ. സി. അനിതാ ശങ്കര്‍, അഡ്വ.വി.കെ മുഹമ്മദ്, പുത്തൂര്‍ ശോഭനന്‍, ഡോ.സനല്‍കുമാര്‍, മണിയമ്മ ഗോപിനാഥന്‍, രാജേഷ് സഹദേവന്‍, അഡ്വ.സുബിത്ത്.എസ്. ദാസ്, മാതൃസഭ സെക്രട്ടറി ജി.ആര്‍. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു. ബീന അന്തേല്‍ ഗുരുസ്മരണ നടത്തി. കൃഷി ജീവരാശിയുടെ നട്ടെല്ല് എന്ന വിഷയത്തില്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.എം. ലേഖയും, സ്ത്രീശാക്തീകരണം ഗുരുദേവദര്‍ശനത്തിലൂടെ എന്ന വിഷയത്തില്‍ ഡോ.അനിതാ ശങ്കറും തുടര്‍ന്ന് ക്ലാസുകള്‍ നയിച്ചു. ശൈലജ പൊന്നപ്പന്‍, ഷാലി വിനയന്‍, ഗൗരി ടീച്ചര്‍, ലീലാ ബോസ് എന്നിവരും പ്രസംഗിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും മാതൃസഭ പ്രവര്‍ത്തകര്‍ സംഗമത്തിന് എത്തിച്ചേര്‍ന്നു. സ്വാമി അംബികാനന്ദ, സ്വാമി ഹംസതീര്‍ത്ഥ , സ്വാമി ധര്‍മതീര്‍ത്ഥ തുടങ്ങിയവരും പങ്കെടുത്തു.


ചിത്രം : ശിവഗിരിയില്‍ മാതൃസഭ കേന്ദ്ര സംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തപ്പോള്‍. ജി.ആര്‍. ശ്രീജ, ഡോ.അനിതാ ശങ്കര്‍, മണിയമ്മ ഗോപിനാഥന്‍, അഡ്വ. വി.കെ മുഹമ്മദ്, സച്ചിദാനന്ദ സ്വാമി, അഡ്വ. സുബിത്ത്. എസ്. ദാസ്, സ്വാമി ധര്‍മ്മവ്രതന്‍, പുത്തൂര്‍ ശോഭനന്‍, സ്വാമി അസംഗാനന്ദഗിരി എന്നിവര്‍ സമീപം.