Sivagiri
.

ശ്രീനാരായണ ഗുരുദേവ മഹാപരിനിര്‍വ്വാണ ശതാബ്ദി ആചരണം രാഷ്ട്രപതി 23 ന് ഉദ്ഘാടനം ചെയ്യും

ശിവഗിരി: ശ്രീനാരായണഗുരുദേവന്‍റെ മഹാസമാധിയുടെ ശതാബ്ദി ആചരണം രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിജ്ഞാനപ്രദവും ഭക്തിനിര്‍ഭരവുമായ ചടങ്ങുകളോടെ കൊണ്ടാടുകയാണ്. പ്രസ്തുത പരിപാടികള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര്‍ 23ന് 12.50 ന് ശിവഗിരി മഠത്തില്‍ വച്ച് ഉദ്ഘാടനം നിര്‍വഹിക്കും. ഗുരുദേവദര്‍ശനം ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. ഭാരത ഗവണ്‍മെന്‍റിന്‍റെയും കേരള ഗവണ്‍മെന്‍റിന്‍റെയും സഹകരണത്തോടു കൂടി ഈ മഹാപരി നിര്‍വാണ ശതാബ്ദി വിപുലമായി ആഘോഷിക്കുവാനാണ് ശിവഗിരി മഠം തീരുമാനിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുകുലം, എസ്എന്‍ഡിപി യോഗം, ഗുരുധര്‍മ്മ പ്രചാരണ സഭ ശ്രീനാരായണ സാംസ്കാരിക സമിതി, ശ്രീനാരായണീയ ക്ഷേത്രങ്ങള്‍ ശ്രീനാരായണ ക്ലബ്ബുകള്‍, പ്രാദേശിക ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ എന്നിവയുടെയെല്ലാം സംയുക്ത സഹകരണത്തോടെ ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തിലാണ ശതാബ്ദി പരിപാടികള്‍ക്ക് രൂപവും ഭാവവും നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ 98 മത് മഹാസമാധി ദിനത്തില്‍ പരിനിര്‍വ്വാണ ശതാബ്ദി ആചരണ പരിപാടികളെക്കുറിച്ച് ശിവഗിരി മഠം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.