

ചേവണ്ണൂര്‍ കളരിക്ക് അനുബന്ധ പ്രസ്ഥാനമില്ല
ശ്രീനാരായണ ഗുരുദേവന്‍ 1877-80 കാലത്ത് ഉപരിപഠനം നടത്തിയ കായംകുളം പുതുപ്പള്ളിയിലെ ചേവണ്ണൂര്‍ കളരി ഇപ്പോള്‍ ശിവഗിരി മഠത്തിന്‍റെ ഒരു ശാഖാസ്ഥാപനമാണ്. ഈ കളരിയുടെ പേരില്‍ ചിലര്‍ ചേര്‍ന്ന് ചേവണ്ണൂര്‍ ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍ എന്നൊരു സ്വകാര്യ സംഘടന രൂപീകരിച്ചു കളരിയുടെ അനുബന്ധമെന്നപോലെ പ്രവര്‍ത്തിച്ചുവരുന്നതായി ശിവഗിരി മഠത്തിന്‍റെയും ചേവണ്ണൂര്‍ കളരിയുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ശിവഗിരി മഠത്തിന്‍റേയോ കളരിയുടെയോ അറിവോ സമ്മതമോ അനുവാദമോ കൂടാതെ ചേവണ്ണൂര്‍ കളരിയെ കേന്ദ്രമാക്കി നിക്ഷിപ്ത താത്പര്യത്തോടെ ഒരു സ്വകാര്യസമിതി രൂപീകരിച്ചു ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തികച്ചും അധാര്‍മികമാണ്. അതിനാല്‍ ഈ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും ഗുരുദേവനോടും ശിവഗിരി മഠത്തോടും ചേവണ്ണൂര്‍ കളരിയോടും കാണിക്കുന്ന തികഞ്ഞ അനാദരവായിരിക്കുമെന്നും ഈ സംഘടനയുമായോ അതിന്‍റെ പ്രവര്‍ത്തനങ്ങളുമായോ മഠത്തിനോ കളരിക്കോ യാതൊരുവിധത്തിലുള്ള ബന്ധവുമില്ല. ഈ വസ്തുത ഗുരുദേവഭക്തര്‍ തിരിച്ചറിയണമെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ ചേവണ്ണൂര്‍, തൃപ്പാദഗുരുകുലം സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിക്കുന്നു.