Sivagiri
ആചാര്യസ്‌മൃതി പ്രഭാഷണ പരമ്പരയ്ക്ക് ശിവഗിരിയിൽ തുടക്കമായി. ദിവ്യശ്രീ ബോധാനന്ദസ്വാമികളെ ഗുരുദേവൻ അഭിഷേകം ചെയ്തതിന്റെ ശതാബ്‌ദിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയ്ക്ക് ധർമ്മ സംഘം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി, ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, സ്വാമി ശിവനാരായണതീർത്ഥ, സ്വാമി ദേശികാനന്ദയതി തുടങ്ങിയവർ ചേർന്ന് ദീപം തെളിക്കുന്നു. സഭാ രജിസ്ട്രാർ കെ.ടി. സുകുമാരൻ, സത്യൻ പന്തത്തല, പുത്തൂർ ശോഭനൻ തുടങ്ങിയവർ സമീപം

ഗുരുദേവ ശിഷ്യര്‍ ഗുരുദര്‍ശനത്തിന്‍റെ മൂര്‍ത്തരൂപം : സച്ചിദാനന്ദ സ്വാമി


ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ സന്യസ്ഥ  ഗൃഹസ്ഥ ശിഷ്യന്മാര്‍ ഗുരുദര്‍ശനത്തിന്‍റെ മൂര്‍ത്തരൂപം ആയിരുന്നുവെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരി മഠത്തില്‍ ഗുരുദേവന്‍റെ അനന്തരഗാമിയായി ബോധാനന്ദ സ്വാമിയെ അഭിഷേകം ചെയ്തതിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ത്രിദിന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. അനേകം വാതിലും ജനലുകളും ഉള്ള ഒരു സുവര്‍ണ്ണ സൗദമാണ് ഗുരുദേവനെങ്കില്‍ സൗദത്തിന്‍റെ വാതിലുകളാണ് അറുപതോളം വരുന്ന സന്യസ്ഥ ശിഷ്യരും 150 ഓളം ഗൃഹസ്ഥ ശിഷ്യരും. ബ്രാഹ്മണ, നമ്പൂതിരി, നായര്‍, ഈഴവ, പുലയ, ക്രൈസ്തവ , ഇസ്ലാം, ബുദ്ധമതങ്ങളില്‍ പെട്ടവരായിരുന്നു ഈ ഓരോ ശിഷ്യന്മാരും. ആദ്യ ശിഷ്യനായ ശിവലിംഗദാസ് സ്വാമി നായര്‍ സമുദായത്തിലും, അവസാന ശിഷ്യനായ സ്വാമി ആനന്ദതീര്‍ത്ഥര്‍ ബ്രാഹ്മണ സമുദായത്തിലും സി. പരമേശ്വരമേനോനും ആദ്യ ശിവഗിരി തീര്‍ത്ഥാടനത്തെ ആശംസിച്ച സുഗുണാനന്ദഗിരി സ്വാമി ധീവര സമുദായത്തിലും വൈദിക കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അമൃതാനന്ദ സ്വാമികള്‍ നമ്പൂതിരി സമുദായത്തിലും പെട്ടവരായിരുന്നു. അതുപോലെ മുഹമ്മദും  ഖാദറും ചാക്കോയും ഗുരുദേവന് ശിഷ്യന്മാരായിട്ടുണ്ടായിരുന്നു. അയ്യങ്കാളിയും വി.ടി. ഭട്ടതിരിപ്പാടും മന്നത്ത് പത്മനാഭനും പണ്ഡിറ്റ് കറുപ്പനും ഗുരുദേവനില്‍ നിന്നും പ്രചോദനവും പ്രേരണയും അനുഗ്രഹവും നേടി പ്രവര്‍ത്തിച്ചവരായിരുന്നു. പില്‍ക്കാലത്ത് വന്ന സാമൂഹിക പ്രവര്‍ത്തകരായ ഇഎംഎസ് നമ്പൂതിരിപ്പാട്, സി അച്യുതമേനോന്‍, പനംപള്ളി ഗോവിന്ദമേനോന്‍, ടി.കെ ദിവാകരന്‍, കെ. സുകുമാരന്‍ തുടങ്ങിയവര്‍ക്കും പ്രചോദന കേന്ദ്രം ഗുരുദേവന്‍ ആയിരുന്നു.
ശതാബ്ദി പ്രമാണിച്ചുള്ള  പ്രഭാഷണങ്ങളില്‍ യഥാക്രമം സാധു ശിവപ്രസാദ് സ്വാമി ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമി, നരസിംഹ സ്വാമി, ഭൈരവന്‍ ശാന്തി സ്വാമി, കേശവ ശാസ്ത്രി, മൂര്‍ക്കോത്ത് കുമാരന്‍, ആനന്ദ തീര്‍ത്ഥര്‍ സ്വാമി, സ്വാമി ഏര്‍ണസ്റ്റ് കര്‍ക്ക് , മുതുകുളം പാര്‍വതി അമ്മ, ബോധാനന്ദ സ്വാമി, നിശ്ചലദാസ് സ്വാമി, ടി.കെ മാധവന്‍, അയ്യങ്കാളി, പിച്ചമ്മാള്‍, സി.കേശവന്‍, സി.വി കുഞ്ഞിരാമന്‍, സുഗുണാനന്ദ സ്വാമി, വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, എം.പി മൂത്തേടത്ത്, ശുഭാനന്ദ സ്വാമി, കുമാരാനന്ദ സ്വാമി, മൂലൂര്‍ എസ് പത്മനാഭ പണിക്കര്‍, പറവൂര്‍ കേശവ വേദാന്തി എന്നിവരെ പറ്റി യഥാക്രമം സച്ചിദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി, സാനിയ സുരേഷ്, കെ എസ് . ശിവരാജന്‍ , ആര്‍ പ്രസന്നകുമാര്‍, വിശ്വംഭരന്‍, എസ്.സുരേന്ദ്രന്‍, സന്ധ്യാ രാജു, എം.എം റെജിമോന്‍, രാജലക്ഷ്മി അജയന്‍, സതീശന്‍ അത്തിക്കാട്, കായംകുളം വിമല , ഗുരുദര്‍ശന രഹന, ശാന്തമ്മ വിജയന്‍, അഡ്വ. എസ്.കെ സുരേഷ്, മഞ്ജു ബാല, സാബു മണര്‍ക്കാട്, ലത മൂത്തേടത്ത്, ദിനു സന്തോഷ്, പിങ്കി ശ്രീധര്‍, ശ്രീജ ഷാജികുമാര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.