

ശിവഗിരിയില്‍ ഗവര്‍ണര്‍: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ലോകത്തിനാകെ മാര്‍ഗദീപം
വര്‍ക്കല : ശ്രീനാരായണ ഗുരുദേവന്റെ 171-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയില്‍ സംഘടിപ്പിച്ച ചടങ്ങ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു..
''ഗുരുദേവന്റെ ഉപദേശങ്ങളും ദര്‍ശനവും കേരളത്തിന്റെയോ ഇന്ത്യയുടെയോ അതിരുകളില്‍ ഒതുങ്ങുന്നതല്ല; അത് മുഴുവന്‍ ലോകത്തിന്റേതാണ്. ഗുരുവിന്റെ സന്ദേശം ശാശ്വതസത്യമാണ്. ഇന്നും ലോകം മുന്നോട്ടു പോകേണ്ട വഴികാട്ടിയാണ് അദ്ദേഹം നല്‍കിയ ദര്‍ശനം,'' ഗവര്‍ണര്‍ പറഞ്ഞു.
ഗുരുദേവന്റെ ഉപദേശങ്ങള്‍ വെറും ചടങ്ങുകളിലും വാക്കുകളിലും ഒതുങ്ങരുതെന്നും, അത് ജീവിതത്തിന്റെ ഭാഗമാക്കണം ''ഐക്യവും സമത്വവും കരുണയും സൗഹൃദവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാന്‍ നാം ഒന്നിച്ച് പ്രവര്‍ത്തിക്കണം. മഹാഭാരത യുദ്ധഭൂമിയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനെ ധര്‍മ്മത്തിന്റെ പാതയിലേക്ക് നയിച്ചതുപോലെ, ഗുരുദേവനും സമൂഹത്തിന്റെ ആശയക്കുഴപ്പം നീക്കി ധാര്‍മിക സന്ദേശം നല്‍കി. 'യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത' എന്ന ദിവ്യാശ്വാസത്തിന്റെ ജീവനുള്ള പ്രതീകമായിരുന്നു ഗുരുദേവന്‍,'' എന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.
സാമൂഹ്യപരിഷ്‌കര്‍ത്താവായി ഗുരുദേവന്റെ സംഭാവനയെ ഗവര്‍ണര്‍ പ്രത്യേകം എടുത്തുപറഞ്ഞു. അനീതികളും അനാചാരങ്ങളും ചോദ്യം ചെയ്ത് സമത്വവും മാന്യതയും ഉറപ്പിച്ചതാണ് ഗുരുവിന്റെ മഹത്തായ സേവനമെന്ന് അദ്ദേഹം വ്യക്തമാക്കി. ''സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ആരാധനയ്ക്കും ആത്മീയ ഉന്നമനത്തിനും അവകാശമുണ്ടെന്ന് ഗുരുദേവന്‍ ഉറച്ചുപറഞ്ഞു. മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ധര്‍മ്മം നമ്മെ ഒന്നിക്കുന്നു. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന അദ്ദേഹത്തിന്റെ സന്ദേശം സഹജീവിതത്തിന്റെ ആധാരമാണ്,'' എന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗുരുവിന്റെ കരുണ മനുഷ്യരിലൊതുങ്ങിയിരുന്നില്ല; മൃഗങ്ങളിലേക്കും, വൃക്ഷങ്ങളിലേക്കും, നദികളിലേക്കും, പ്രകൃതിയുടെ മുഴുവന്‍ ലോകത്തിലേക്കും വ്യാപിച്ചിരുന്നു. ''സമഗ്രവും കരുണാഭരിതവുമായ ഒരു സമൂഹം സൃഷ്ടിക്കാനുള്ള ദര്‍ശനം ഗുരുവിന് ഉണ്ടായിരുന്നു. അത് തന്നെയാണ് നമ്മുടെ ജനാധിപത്യത്തിന്റെയും ഭാരതീയ സിവിലൈസേഷന്റെയും ആത്മാവ്,'' എന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ലേഡി ഗവര്‍ണര്‍ അനഘ ആര്‍ലേക്കര്‍, എം.എല്‍.എ. അഡ്വ. വി. ജോയ്എം.എല്‍.എ. , സ്വാമി അസംഗാനന്ദ ഗിരി , മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, വാര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ. എം. ലാലി എന്നിവര്‍പങ്കെടുത്തു