Sivagiri
.

ശിവഗിരിയിൽ ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ഭക്തിനിർഭരമായി തുടക്കം കുറിച്ചു

ശിവഗിരി: ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മപ്രചരണസഭയുടെയും മാതൃ -യുവജനസഭയുടെയും സംയുക്താഭിമുഖ്യത്തിൽ 1201 ചിങ്ങം 1 മുതൽ കന്നി 11 വരെ (2025 ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 27 വരെ) നടക്കുന്ന ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ശിവഗിരിയിൽ ഉദ്ഘാടനം ചെയ്തു. മത്സ്യമാംസാദികളും ലഹരിവസ്തുക്കളും ഉപേക്ഷിച്ച് വ്രതം നോറ്റ് ആത്മവിശുദ്ധി കൈവരിച്ച് സാത്വിക ജീവിതം നയിക്കുന്നത് ജീവിതത്തെ ആനന്ദ പൂർണമാക്കുന്നു.അതിനുള്ള ഉത്തമ ഉപാധിയാണ് ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും. സംസ്ഥാനത്തുടനീളം 2000 ത്തിൽ പരം പ്രാർത്ഥനായോഗങ്ങൾ നടക്കുമെന്നും ശിവഗിരി മഠം കേന്ദ്രമാക്കി 51 പ്രാർത്ഥനാ യോഗങ്ങളും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സ്വാമി പറഞ്ഞു. കൂടാതെ ഗുരുദേവൻ ശ്രീനാരായണ ധർമ്മ സംഘത്തിന്റെ അനന്തരഗാമിയായി ദിവ്യശ്രീബോധാനന്ദ സ്വാമികളെ നിയോഗിച്ചതിന്റെ ശതാബ്ദി 2025 സെപ്റ്റംബർ 27 നാണ്.

പ്രാർത്ഥന, ധ്യാനം, ജപം, ഗുരുദേവകൃതികളുടെ പാരായണം, പ്രഭാഷണം, സമൂഹ പ്രാർത്ഥന തുടങ്ങിയവ ഉൾപ്പെടുത്തി നടത്തുന്ന മാസാചരണത്തിലും ധർമ്മചര്യായജ്ഞത്തിലും പങ്കെടുത്ത് അനുഗൃഹീതരാകുവാൻ സ്വാമികൾ അഭ്യർത്ഥിക്കുകയും ചെയ്തു.

രാവിലെ 9 മണിക്ക് ശിവഗിരി മഹാസമാധി മന്ദിരത്തിൽ ഭക്തി നിർഭരമായ പ്രാർത്ഥനയ്ക്ക് ശേഷം 10 മണിക്ക് ദൈവദശകം ഹാളിൽ നടന്ന യോഗത്തിൽ സഭ രജിസ്ട്രാർ കെ .റ്റി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ,മാതൃസഭാ കേന്ദ്ര സമിതി പ്രസിഡന്റ് ഡോ.അനിത ശങ്കർ,സെക്രട്ടറി ശ്രീജ ഷാജി, കെ .രഘുനാഥൻ,യുവജനസഭ ജനറൽ കൺവീനർ അഡ്വ.സുബിത്ത് എസ് ദാസ്, ജോയിന്റ് കൺവീനർ ഹരിപ്രസാദ് എന്നിവർ സംസാരിച്ചു നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.