Sivagiri
ശ്രീനരസിംഹ സ്വാമികൾ

അനാചാരനിര്‍മാര്‍ജനത്തിന്‍റെ ദീപസ്തംഭം : നരസിംഹ സ്വാമിയുടെ 148ാം ജയന്തി 15ന്.

-സ്വാമി ശാരദാനന്ദ

ശ്രീനാരായണ ഗുരുദേവന്‍റെ നേര്‍ശിഷ്യരില്‍ പ്രഥമഗണനീയനായ് അറിയപ്പെടുന്നു ദിവ്യശ്രീ നരസിംഹസ്വാമികള്‍ . നരസിംഹ സ്വാമികളുടെ 148 -ാമത് ജയന്തിയാണ് വെള്ളിയാഴ്ച(15082025). എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനു സമീപം എളിന്തിക്കരയിലായിരിന്നു സ്വാമിയുടെ പൂര്‍വ്വാശ്രമം. തികച്ചും ഗ്രാമപ്രദേശമായിരുന്നു അന്ന് എളിന്തിക്കര. അവിടെ തറമേല്‍ വീട്ടില്‍ പാപ്പിയും കാര്‍ത്യായനിയുമായിരുന്നു മാതാപിതാക്കള്‍. ആത്മീയതയില്‍ അധിഷ്ഠിതമായിരുന്നു നരസിംഹ സ്വാമികളുടെ ബാല്യ മനസ്സ്. വീടിന് സമീപത്തെ മൂത്തകുന്നം ശങ്കരനാരായണ ക്ഷേത്രത്തില്‍ ഒരുനാള്‍ ഗുരുദേവന്‍ എഴുന്നള്ളിയിരുന്നു. ഗുരുദേവനോടൊപ്പം നിരവധി ഭക്തജനങ്ങളും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ ഗുരുദേവന്‍റെ സന്നിധിയില്‍ തന്‍റെ ബാല്യത്തില്‍ എത്തിയ നരസിംഹ സ്വാമിക്ക് ഗുരുദേവനില്‍ ഭക്തി ഉദിച്ചു. അക്കാലത്ത് കുട്ടി എന്നായിരുന്നു വിളിപ്പേര്. നരസിംഹമൂര്‍ത്തിയുടെ ഉപാസകനായി മാറിയ കുട്ടി കുറേക്കാലം ശങ്കരനാരായണ ക്ഷേത്രത്തില്‍ വൈദിക ജോലി നിറവേറ്റിയിരുന്നു. കുട്ടി കുട്ടിശാന്തിയായി അറിയപ്പെട്ടു.
കുട്ടിശാന്തി ഗുരുദേവന്‍റെ ഭക്തനായിരുന്നുവല്ലോ, പിന്നാലെ ഗുരുവിന്‍റെ ശിഷ്യത്വം സ്വീകരിച്ച് നരസിംഹ സ്വാമികളായി അറിയപ്പെട്ടു. ശുഭ്ര വസ്ത്രധാരിയായ നരസിംഹ സ്വാമികളുടെ വസ്ത്രധാരണത്തിനും പ്രത്യേകതയുണ്ടായിരുന്നു. നീണ്ട ളോഹയായിരുന്നു ധരിക്കുക പതിവ്. ളോഹ ധരിച്ച് വീഥികളിലൂടെ യാത്ര ചെയ്തിരുന്ന സ്വാമികളുടെ പാദം തൊട്ടു വന്ദിക്കാന്‍ ഒട്ടേറെപേരന്നു താല്‍പര്യം കാട്ടി. നരസിംഹ സ്വാമിയില്‍ ഒരു അസാധാരണത്വം പലരും കണ്ടെത്തി. ഇക്കാലയളവില്‍ ആലുവ അദ്വൈതാശ്രമത്തോട് ചേര്‍ന്നുള്ള ഹൈസ്കൂളില്‍ സ്വാമിയുടെ സേവനം ലഭ്യമായിരുന്നു.
ഗുരുദേവന്‍റെ കൃപാകടാക്ഷം ആവോളം ലഭിച്ചിരുന്നു നരസിംഹ സ്വാമിക്ക് അവിടത്തെ അനുഗ്രഹത്തിലൂടെ. പലവിധമായ ദുരിതങ്ങളാല്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കുവാനും സ്വാമിക്കായി. അപസ്മാരവും ഭ്രാന്തും ഭൂതബാധയും ഒക്കെ നേരിട്ട് ദുരിതജീവിതം നയിച്ചു പോന്നവര്‍ക്ക് അവയില്‍ നിന്നുമൊക്കെ മോചനം നേടി സാധാരണ നിലയിലാകാന്‍ സ്വാമിയിലൂടെ കഴിയുകയുണ്ടായി. ഗുരുദേവന്‍റെ പ്രതിപുരുഷന്‍ എന്ന നിലയിലായിരുന്നു നരസിംഹ സ്വാമിയെ അനുയായികള്‍ കണ്ടിരുന്നത്.
നാട്ടില്‍ നിലനിന്നിരുന്ന അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും പോരാടുന്നതില്‍ സ്വാമി കാര്യമായ പങ്ക് വഹിച്ചിരുന്നു. സ്വാമിയുടെ ആജ്ഞാശക്തിയില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതായി എന്ന് പറയുന്നതാകും ശരി. ഇത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തി പോന്നവര്‍ക്ക് അതിനെതിരെ സ്വാമി കൈക്കൊള്ളുന്ന നിലപാടുകളെ അവഗണിക്കാന്‍ ആകുമായിരുന്നില്ല. ദുര്‍ ദേവതകളെ ആരാധിക്കുന്നതില്‍ നിന്നും ജനതയെ മോചിപ്പിക്കുന്നതിനായി ഗുരുദേവന്‍റെ കല്‍പ്പന പ്രകാരം സാത്വിക ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ജനതയെ അവിടേക്ക് ആകര്‍ഷിക്കുന്നതിനും സ്വാമിക്ക് കഴിഞ്ഞു.
സ്വാമി സ്ഥാപിച്ച ദേവാലയങ്ങളില്‍ ജാതിമതഭേദം കൂടാതെ ആരെയും പ്രവേശിപ്പിക്കുമായിരുന്നു. ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ഈ കേന്ദ്രങ്ങള്‍ വലിയ സംഭാവനകള്‍ ചെയ്തു പോന്നിരുന്നു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഏരുരില്‍ സ്വാമി സ്ഥാപിച്ച നരസിംഹാശ്രമം സ്വാമിയുടെ മുഖ്യപ്രവര്‍ത്തന കേന്ദ്രമായി മാറി. ഗുരുദേവന്‍ അവുടത്തെ സഞ്ചാരവേളകളില്‍ പലപ്പോഴും നരസിംഹാശ്രമത്തില്‍ വിശ്രമിച്ചിട്ടുണ്ട്. നരസിംഹ സ്വാമിയുടെ സമാധി കൊണ്ട് പുണ്യം നിറഞ്ഞതാണ് ഇന്ന് ഏരൂര്‍ നരസിംഹാശ്രമം. ഇവിടെ വിശ്രമിക്കുമ്പോള്‍ ആയിരുന്നു സ്വാമി സമാധിയെ പുല്‍കിയത്. 1957 നവംബര്‍ 20 ന് ആയിരുന്നു സ്വാമിയുടെ സമാധി. അനാചാര നിര്‍മാര്‍ജനത്തിന്‍റെ ദീപസ്തംഭം ആയ ദിവ്യശ്രീ നരസിംഹ സ്വാമികള്‍, ഗുരുദേവന്‍റെ ആശയങ്ങള്‍ നടപ്പിലാക്കി ജനങ്ങളെ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. സാത്വികാരാധനയും സാമൂഹിക ഐക്യവും പ്രചരിപ്പിച്ച് അദ്ദേഹം സമൂഹത്തില്‍ ആത്മീയ ഉണര്‍വ് സൃഷ്ടിച്ചു.
സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും വിശേഷിച്ച് എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നും നിരവധി ഭക്തര്‍ പഠനത്തിനും മനനത്തിനും ഒക്കെയായി ഈ പുണ്യ കേന്ദ്രത്തില്‍ സാധാരണ വന്നുപോകുന്നു. സമീപകാലത്ത് ആശ്രമം നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും നവീകരിച്ച് കൂടുതല്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഗുരുദേവദര്‍ശന വീഥിയില്‍ പ്രകാശം പരത്തി ലോകസേവ ചെയ്ത സ്വാമിയുടെ സ്മരണ അനുയായി വൃന്ദങ്ങളില്‍ മായാതെ നിലകൊള്ളുന്നു. നരസിംഹ സ്വാമിയുടെ 148 ാമത് ജയന്തി ആശ്രമത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. രാവിലെ ഏഴിന് ശിവഗിരി മഠം വൈദികാചാര്യന്‍ കൂടിയായ സ്വാമി ശിവനാരായണ തീര്‍ത്ഥരുടെ മുഖ്യ കാര്‍മികത്വത്തില്‍ ശാന്തി ഹവനം, കലശപൂജ എന്നിവ നടക്കും. 10.30 ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ ജയന്തി സമ്മേളനം എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എ. വി. അനൂപ് ഉദ്ഘാടനം ചെയ്യും. കെ.ബാബു എം. എല്‍. എ മുഖ്യാതിഥിയായിരിക്കും. ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ് മുഖ്യപ്രഭാഷണം നടത്തും. നരസിംഹ സ്വാമി വിദ്യാഭ്യാസ പുരസ്കാര വിതരണവും ഉണ്ടാവും. രണ്ടു മണിക്ക് നടക്കുന്ന ഗുരു വിജ്ഞാനീയം ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്യും. ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അധ്യക്ഷത വഹിക്കും. ശിവഗിരി മാസിക മാനേജര്‍ സുരേശ്വരാനന്ദ സ്വാമി മുഖ്യപ്രഭാഷണം നടത്തും. രണ്ടു മണിമുതല്‍ ആശ്രമത്തിലെ പഠന വിഭാഗമായ ഗുരു വിജ്ഞാനീയത്തിലെ പഠിതാക്കളുടെ വിവിധ വിഷയങ്ങളിലെ പ്രഭാഷണങ്ങളും ഉണ്ടാകും.

(ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷററും നരസിംഹാശ്രമം സെക്രട്ടറിയുമാണ് ലേഖകന്‍.)