Sivagiri
.

ഗുരുവായിരുന്നു സാനുമാഷിന്റെ ശരി

സ്വാമി ശുഭാംഗാനന്ദ,

ജനറൽ സെക്രട്ടറി,

ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ്, ശിവഗിരി മഠം.

മലയാളത്തിന്റെ സുകൃതവും അമൃതവുമായിരുന്നു പ്രൊഫ. എം.കെ.സാനുമാസ്റ്റർ. എന്തെന്നാൽ ഭാഷയെ അത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും സൗന്ദര്യവൽക്കരിക്കുകയും വിനിമയം ചെയ്യുകയും ചെയ്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. സാഹിത്യത്തിലെയും സമുദായത്തിലെയും സമൂഹത്തിലെയും ശക്തനായ തിരുത്തൽകാരനായി ശോഭിച്ചു നിലനിന്ന അദ്ദേഹത്തിന്റെ വിമർശനത്തിന് ആയുധത്തേക്കാൾ മൂർച്ചയുണ്ടായിരുന്നു. ഗദ്യകാവ്യങ്ങളെ ഇത്രയധികം ഇണക്കിയെടുക്കുവാൻ അദ്ദേഹത്തിനോളം മറ്റൊരു എഴുത്തുകാരനും കഴിഞ്ഞിട്ടില്ല. അദ്ദേഹം എഴുതിയതെല്ലാം ജീവനുള്ള ജീവചരിത്രങ്ങളാണ്. ശ്രീനാരായണഗുരുദേവന്റെ ജീവചരിത്രങ്ങളിൽ ഏറ്റവും മിഴിവേറിയ ഗ്രന്ഥങ്ങളുടെ തലപ്പത്താണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്ന ശ്രീ നാരായണഗുരു സ്വാമികളുടെ ജീവചരിത്രം. ഗുരുദർശനത്തിന്റെ ആഴമറിഞ്ഞ് ആവിഷ്കരിക്കുന്നതിലും സാനുമാഷ് എന്നുമെപ്പോഴും മുന്നിലായിരുന്നു. ഏതു കാര്യത്തിലും ഗുരുവായിരുന്നു അദ്ദേഹത്തിന്റെ ശരി.

എക്കാലവും ശിവഗിരിയുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും കടമയും ധർമ്മവും തിരിച്ചറിയുന്നതിലും തിരിച്ചറിയിക്കുന്നതിലും ദത്തശ്രദ്ധനായിരുന്ന അദ്ദേഹം ദീർഘകാലം ശിവഗിരി വേദികളിലെ സ്ഥിരം ശബ്ദവും സാന്നിധ്യവുമായിരുന്നു. സൗമ്യതയുടെ ആ സാന്നിധ്യം ഇനിയില്ലെന്നത് നവോത്ഥാന കേരളത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും വലിയൊരു നഷ്ടമായി ശേഷിക്കുക തന്നെ ചെയ്യും.