

ശിവഗിരി : ശ്രീനാരായണഗുരുദേവന്‍റെ മനുഷ്യാണാം മനുഷ്യത്വമെന്ന പ്രവചനത്തിന് വര്‍ത്തമാനകാലത്ത് പ്രസക്തി വര്‍ദ്ധിക്കുന്നുവെന്ന് പ്രൊഫ. വസന്തകുമാര്‍ സാംബശിവന്‍ അഭിപ്രായപ്പെട്ടു.
കേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം ജില്ല കേന്ദ്ര കലാസമിതി ലീഡര്‍ഷിപ്പ് ഡെവലപ്മെന്‍റിന്‍റെ ഭാഗമായി ശിവഗിരി സന്ദര്‍ശന വേളയില്‍ ശാരദാമഠത്തിന് സമീപം ചേര്‍ന്ന കഥാപ്രസംഗം 'ഇന്ന്-ഇന്നലെ- നാളെ' എന്ന വിഷയത്തില്‍ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്‍റെ അനുഗ്രഹത്തോടെ സമാരംഭം കുറിച്ച് കഥാപ്രസംഗ കലയ്ക്ക് കേരളീയ സാമൂഹിക സാംസ്കാരിക മേഖലയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താനായി. നാട്ടില്‍ നിലനിന്നിരുന്ന പല അനാചാരങ്ങളും ഇല്ലാതാക്കുവാന്‍ കഥാപ്രസംഗ കലയ്ക്ക് കഴിഞ്ഞിരുന്നു. ജീവിതഗന്ധികളായ ഒട്ടേറെ സംഭവങ്ങളെ കഥാപ്രസംഗത്തിലൂടെ കാഥികര്‍ സമൂഹമധ്യത്തില്‍ അവതരിപ്പിച്ചപ്പോള്‍ അതിനൊക്കെ ഏറെ പ്രചോദനമായത് ഗുരുദേവനും അവിടുത്തെ ശിഷ്യന്മാരും തുടര്‍ന്നു പോന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളായിരുന്നു.
കഥാപ്രസംഗത്തെ കൂടുതല്‍ കരുത്തോടെ അവതരിപ്പിക്കാനായാല്‍ ഇന്നത്തെ പല മേഖലകളും നേരിടുന്ന മൂല്യ ച്യതിയില്‍ നിന്നും ജനതയ്ക്ക് കുറേക്കൂടി മുന്നേറാന്‍ ആകുമെന്ന് വസന്തകുമാര്‍ തുടര്‍ന്ന് പറഞ്ഞു. കലാസമിതി ജില്ലാ പ്രസിഡന്‍റ് ഗീതാ രംഗപ്രസാദ്, സെക്രട്ടറി സൈജു രാജ്, ജയരാജ് ജയഗിരി, രാജന്‍ അരുവിപ്പുറം തുടങ്ങിയവരും പങ്കെടുത്തു.