

ശിവഗിരി : ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി വിടചൊല്ലിയ ഉറ്റവരുടെ സ്മരണയ്ക്ക് മുന്നില്‍ ശ്രാദ്ധം അര്‍പ്പിക്കുന്നതിനായി ശിവഗിരി മഠത്തിലേക്ക് എത്തിച്ചേര്‍ന്നത് ആയിരങ്ങള്‍. വൈദിക ശ്രേഷ്ഠര്‍ ചൊല്ലിക്കൊടുത്ത മന്ത്രങ്ങള്‍ ഉരുവിട്ട് ബലിയിട്ട് നമസ്കരിച്ച് മടങ്ങാന്‍ എത്തിയവരുടെ നീണ്ടനിരയാണ് ശിവഗിരിയില്‍ പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ടത്. ചടങ്ങുകള്‍ നടന്ന അന്നക്ഷേത്രം മുതല്‍ ഗുരുപൂജാമന്ദിരത്തിന് മുന്നില്‍ വരെ പലപ്പോഴും വിശ്വാസികളുടെ നീണ്ട നിര കാണാനായി. എല്ലാ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമൊക്കെ വിശ്വാസികള്‍ ശിവഗിരിയില്‍ എത്തുകയുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും സ്വകാര്യ ബസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളുമായി പുലര്‍ച്ചെ മുതല്‍ വന്‍തോതില്‍ ഭക്തര്‍ എത്തിക്കൊണ്ടിരുന്നു. ബലിതര്‍പ്പണത്തിനൊപ്പം തിലഹവനവും നിര്‍വഹിച്ചാണ് പലരും മടങ്ങിയത്. ശിവഗിരി മഠം വൈദിക ആചാര്യന്‍ കൂടിയായ സ്വാമി ശിവനാരായണതീര്‍ത്ഥ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. മനോജ് തന്ത്രി, രാമാനന്ദന്‍ ശാന്തി, ഉണ്ണി ശാന്തി തുടങ്ങിയവര്‍ക്കൊപ്പം വൈദിക വിദ്യാര്‍ഥികളും സഹകാരികളായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശം നല്‍കി. സ്വാമി വിരജാനന്ദ , സ്വാമി സുകൃതാനന്ദ, സ്വാമി സുരേശ്വരാനന്ദ എന്നിവരും സംബന്ധിച്ചു. എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം പ്രഭാതഭക്ഷണവും ഗുരുപൂജാ പ്രസാദവും അനുഭവിക്കാന്‍ കഴിഞ്ഞു.