

വി.എസ്. അച്യുതാനന്ദന്‍ :കാലത്തിന് മായ്ക്കാനാവാത്ത കര്‍മ്മയോഗി
സച്ചിദാനന്ദസ്വാമി
പ്രസിഡന്‍റ്
കാലത്തിന് ഒരു കാലത്തും മായ്ക്കാന്‍ സാധിക്കാത്ത കര്‍മ്മയോഗിയായിരുന്നു ശ്രീ. വി. എസ്. അച്യുതാനന്ദന്‍. താന്‍ വിശ്വസിച്ചിരുന്ന പ്രത്യേയ ശാസ്ത്രത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ അദ്ദേഹം ആദര്‍ശ രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ടു. ഒരു പുരുഷായുസ്സ് മുഴുവന്‍ സാധാരണക്കാരുടേയും അടിച്ചമര്‍ത്തപ്പെട്ട ജനതയുടേയും സമുദ്ധാരണത്തിനായി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. ഇതിഹാസ തുല്യമായ ഒരു ജീവിതചര്യയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ നേതാവിനും ജനഹൃദയങ്ങളില്‍ ഇത്ര വലിയ സ്ഥാനം ആര്‍ജ്ജിക്കുവാന്‍ സാധിച്ചിട്ടില്ല എന്നത് കേവലമായ ഒരു സത്യമാണ്. മൗലിക ദാര്‍ശനിക താത്വികാചാര്യന്‍മാരും അതുപോലെ നിരവധി ഭരണകര്‍ത്താക്കളും കേരളത്തിലുണ്ടായി എങ്കിലും വി.എസ്സിനെപ്പോലെ ജനഹൃദയത്തില്‍ സ്ഥാനം പിടിച്ച മറ്റൊരാള്‍ ഉണ്ടായിട്ടില്ല. വി.എസ്. മുഖ്യമന്ത്രിയായിരുന്നു അതിനും അതീതമായി വലിയ ഒരു ജനനേതാവ് എന്ന നിലയിലാണ് അദ്ദേഹം സ്ഥാനം പിടിച്ചത്. കമ്യൂണിസ്റ്റ് വിശ്വാസികള്‍ക്കു മാത്രമല്ല പുറത്തുള്ള ജന വിഭാഗത്തിനും അദ്ദേഹം ഏറെ ആദരണീയനായിരുന്നു.
ശ്രീനാരായണ ഗുരുദേവന്‍റെ ഭൗതിക ദാര്‍ശനികസിദ്ധാന്തങ്ങളെ കമ്മ്യൂണിസ്റ്റ് ആശയവുമായി സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചു പോന്നത്. ശിവഗിരി മഠത്തിന്‍റെ അടുത്ത ആത്മബന്ധുവായിരുന്നു വി.എസ്. ഗുരുദേവ ദര്‍ശനത്തിന്‍റെ തനിമയും മഹിമ അതിന്‍റെ സമത്വദര്‍ശനം അല്‍പ്പം പോലും ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കണമെന്നും അത് പ്രചരിപ്പിക്കണമെന്നുമുള്ള കാര്യത്തില്‍ അദ്ദേഹം പ്രതിജ്ഞബദ്ധമായിരുന്നു.
ഞങ്ങളൊരിക്കല്‍ ശിവഗിരിയിലെ സംന്യാസിമാര്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ കാണുന്നതിനു വേണ്ടി എറണാകുളത്തു പോയി. ഞങ്ങള്‍ അഞ്ചെട്ടു സംന്യാസിമാരുണ്ട്. ഞങ്ങള്‍ ദൂരെ നിന്നുവരുന്നത് കണ്ടപ്പോള്‍ തന്നെ ഞങ്ങളെക്കുറിച്ച് ഒരു കമന്‍റ് അദ്ദേഹം പാസ്സാക്കിയിരുന്നു. അടുത്തു ചെന്ന് കഴിഞ്ഞപ്പോള്‍ സ്വാമിമാരെല്ലാം എന്തിനാ വന്നത് എന്ന് പറഞ്ഞതിന് ശേഷം അദ്ദേഹം ഞങ്ങളെ വിമര്‍ശനത്തോടെ കാണുകയും ശകാരിക്കുന്ന ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ഞങ്ങള്‍ മറ്റേതോ രാഷ്ട്രീയ സഖ്യത്തിന്‍റെ പാര്‍ട്ടിയുടെ ആളുകളാണ് എന്നുള്ള ഒരു ധാരണ എങ്ങനെയോ അദ്ദേഹത്തിന്‍റെ ഉള്ളില്‍ വന്നിരുന്നു. ആ ധാരണ തിരുത്തുന്നതിന് വേണ്ടി ഞങ്ങള്‍ കുറെയൊക്കെ സംസാരിച്ചു നോക്കി. പക്ഷേ വി.എസ്. തന്‍റെ അഭിപ്രായത്തില്‍ നിന്ന് മാറിയില്ല. അതിന് ശേഷം സംഭാഷണം അവസാനിപ്പിച്ച് പിരിഞ്ഞു വി.എസ്. കുറേ മുന്നോട്ടു പോയതിന് ശേഷം തിരികെ വന്നിട്ട് ഞങ്ങളെയെല്ലാം നോക്കിയിട്ട് പറഞ്ഞു. ഞാന്‍ സച്ചിദാനന്ദ സ്വാമിയെ ഉദ്ദേശിച്ചു പറഞ്ഞതല്ല കേട്ടോ. എന്ന് പറഞ്ഞിട്ട് അദ്ദേഹം തിരികെ പോയി. എന്നെ അദ്ദേഹത്തിന് നേരത്തെ നല്ല പരിചയം ഉണ്ടായിരുന്നു. ആലപ്പുഴയിലെ പുന്നപ്രയില്‍ അദ്ദേഹത്തിന്‍റെ ഭവനത്തിനടുത്ത് നാല് ദിവസം നീണ്ടുനില്‍ക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനം ധ്യാനം ആത്മീയ ദാര്‍ശനി ക യജ്ഞം ഒരു പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഞാന്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ വീടിന് സമീപമായിരുന്നു അത്. ഞാന്‍ അറിഞ്ഞത് നാല് ദിവസത്തെ എന്‍റെ പ്രഭാഷണ പരമ്പര അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നുവെന്നാണ്. എന്‍റെ ഗുരുദേവനെക്കുറിച്ചുള്ള വീക്ഷണവും മതപരമായിട്ടുള്ള കാഴ്ചപ്പാടും ഏകലോക ദര്‍ശനമെന്ന ശ്രീനാരായണഗുരുവിന്‍റെ തത്വദര്‍ശനം പ്രചരിപ്പിക്കണമെന്നുള്ള ശ്രദ്ധയുമൊക്കെ അദ്ദേഹം പ്രത്യേകം വിലയിരുത്തിയിരുന്നു. അതിന്ശേഷം വി.എസ്. എന്നോട് വളരെ സ്നേഹത്തോടു കൂടി പെരുമാറുകയായി. പിന്നീടാണ് അദ്ദേഹത്തെ എറണാകുളത്ത് പോയി കാണുന്നതും സംസാരിക്കുന്നതും. ഏതായാലും അങ്ങനെയുള്ള സ്നേഹ ആത്മബന്ധം അദ്ദേഹവുമായിട്ട് എനിക്ക് ഉണ്ടായിരുന്നു. പിന്നീട് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന വേളയില്‍ ഞാന്‍ തീര്‍ത്ഥാടന സെക്രട്ടറിയായിരിക്കുമ്പോള്‍ അദ്ദേഹത്തെ തീര്‍ത്ഥാടന ഉദ്ഘാടനം ചെയ്യുവാന്‍ വേണ്ടി ക്ഷണിക്കുവാന്‍ പോയി. അന്ന് വി.എസ് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഭവനത്തിലെത്തി ഞങ്ങള്‍ അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍ വളരെ സ്നേഹമസൃത്തമായി പെരുമാറുകയുണ്ടായി.
ക്ഷണം സ്വീകരിച്ചതിന് ശേഷം ഞങ്ങള്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ ഒരു നിവേദനം സമര്‍പ്പിച്ചു. ഗുരുദേവന്‍റെ കൃതികള്‍ പാഠ്യപദ്ധതിയില്‍പ്പെടുത്തണം. അപ്പോള്‍ അദ്ദേഹം അതിന് അനുകൂലമായ രീതിയില്‍ സംസാരിച്ചു. ഗുരുവിന്‍റെ കൃതികള്‍ നിശ്ചയമായും പാഠ്യപദ്ധതിയില്‍ വരേണ്ടതാണെന്ന സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. അതിന് ശേഷം ഞാനൊരഭിപ്രായം അദ്ദേഹത്തിനോട് പറഞ്ഞു. വി.എസ്. പല വേദികളിലും പല അവസരങ്ങളിലും ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് പ്രസംഗിക്കാറുണ്ട്. ആ പ്രസംഗം വളരെ ജനകീയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമാണ്. അദ്ദേഹം എഴുതിയിട്ടുള്ളകുറിപ്പുകളിലും ലേഖനങ്ങളിലും ഏറെയുണ്ട്. ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ പിന്തുടര്‍ച്ചയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് സമര്‍ത്ഥിച്ചുകൊണ്ട് വി.എസ്. ഒരു പുസ്തകം തന്നെ എഴുതണം. എന്‍റെ വാക്കുകളെ ചിരിച്ചുകൊണ്ട് അദ്ദേഹം സ്വാഗതം ചെയ്തു. തീര്‍ച്ചയായും അങ്ങനെ ഒരു പുസ്തകമുണ്ടാകേണ്ടത് ആവശ്യമാണ് എന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്തുകൊണ്ടോ ആ പുസ്തകമിറങ്ങിയില്ല. ഞങ്ങള്‍ ഗുരുവിന്‍റെ ദര്‍ശനവും കമ്മ്യൂണിസ്റ്റ് ദര്‍ശനത്തില്‍ ഏതെല്ലാം തരത്തില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നൊക്കെ ഏതാണ്ട് സൂചിപ്പിച്ചുകൊണ്ട് സംസാരിക്കുകയും വി.എസ്. അതെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനത്തേയും ഗുരുവിന്‍റെ പ്രസ്ഥാനത്തേയും തമസ്ക്കരിക്കുന്നതിന് ചില ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ശ്രമങ്ങളെക്കുറിച്ചും ഞങ്ങള്‍ വി.എസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. അതും അദ്ദേഹം ശ്രദ്ധയോടുകൂടി ശ്രവണം ചെയ്ത് ചില ഭാഗങ്ങള്‍ വന്നപ്പോള്‍ ഒന്നിരുത്തി മൂളുകയും പിന്നെയും എന്‍റെ വാക്കുകള്‍ പ്രത്യേകമായി ശ്രദ്ധിക്കുകയും ചെയ്തു.
ഞങ്ങള്‍ സംന്യാസിമാര്‍ പറഞ്ഞതെല്ലാം, ഗുരുവിനേയും ഗുരുവിന്‍റെ ദര്‍ശനത്തേയുംസംബന്ധിച്ചുള്ള കാര്യങ്ങള്‍ മുഴുവന്‍ വളരെ ശ്രദ്ധാപൂര്‍വ്വം അദ്ദേഹം കേട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന് ഗുരുവിന്‍റെ ഭൗതിക ദര്‍ശനത്തെ സംബന്ധിച്ച് വളരെ സുവ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ഗുരു വിഭാവനം ചെയ്ത ജാതിമത രഹിതമായ സമൂഹവും ഭേദചിന്തക്കള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നായി ജീവിക്കണമെന്നുള്ള ഗുരുവിന്‍റെ ദര്‍ശനവും അദ്ദേഹത്തിന് ഏറെ പ്രിയങ്കരമായിരുന്നു. ജാതീയതയും മതാന്ധതയും മതതീവ്രവാദവും വര്‍ദ്ധിച്ചിരിക്കുന്ന പരിതസ്ഥിതിയില്‍ അദ്ദേഹം അതിനുള്ള ഒരു പരിചയായി സ്വീകരിച്ചത് ഗുരുവിന്‍റെ ദര്‍നത്തെയാണ്.
ശിവഗിരിയിലും ചെമ്പഴന്തിയിലും ഗുരുദേവ ജയന്തി സമാധിവേളകളിലും തീര്‍ത്ഥാടന വേളകളിലും അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ തുടര്‍ച്ചയായി ഒരു വര്‍ഷവും മുടങ്ങാതെ വന്നുകൊണ്ടിരുന്നു. പ്രതിപക്ഷനേതാവായിരുന്നപ്പോഴും അദ്ദേഹം ശിവഗിരിയില്‍ എത്തിച്ചേരുമായിരുന്നു. ആ അവസരങ്ങളിലെല്ലാം ശിവഗിരി മഠത്തിന്‍റെ ആതിഥ്യം സ്വീകരിച്ച് മഠത്തില്‍ നിന്നും അദ്ദേഹത്തെ മഞ്ഞ ഷാള്‍ പുതപ്പിച്ച് ആ മഞ്ഞ വസ്ത്രവുമായി അദ്ദേഹം മഹാസമാധി സന്നിധാനത്തിലെത്തി അവിടെ ഗുരുവിന്‍റെ പ്രതിമയ്ക്ക് മുമ്പില്‍ രണ്ട് കൈയ്യും ഉയര്‍ത്തി കൂപ്പി നില്‍ക്കുന്നത് അന്ന് സവിശേഷമായ ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന കാര്യമാണ്. ആ രണ്ട് കൈ ഉയര്‍ത്തിയുള്ള അദ്ദേഹത്തിന്‍റെ ആ അഭിവാദ്യം പത്രക്കാരേയും മറ്റ് മാധ്യമസുഹൃത്തുക്കളേയും ഭക്തജനങ്ങളേയും സഖാക്കളേയും എല്ലാം വളരെയേറെ ആകര്‍ഷിച്ചിരുന്ന ഒരു കാര്യമാണ്.
അതിന് ശേഷം ഞാന്‍ വി.എസിനെ കാണുന്നത് പയ്യന്നൂരില്‍ വച്ച് ആനന്ദതീര്‍ത്ഥ സ്വാമികളുടെ സമാധി സ്ഥലത്ത് വച്ചാണ്. ശ്രീനാരായണ ഗുരുവിന്‍റെ അവസാന ശിഷ്യനാണ് സ്വാമി ആനന്ദതീര്‍ത്ഥര്‍. 'ഹരിജനസേവാ നവയുഗധര്‍മ്മം' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഹരിജനങ്ങള്‍ക്കുവേണ്ടി ഇത്രയേറെ പ്രവര്‍ത്തിച്ച ഒരു മഹാന്‍ ആനന്ദതീര്‍ത്ഥനെപ്പോലെ മറ്റൊരാളില്ലെന്ന് പറയാം. അയ്യങ്കാളിയും അംബേദ്ക്കറും ചെയ്ത പ്രവര്‍ത്തനങ്ങളെ മറന്നുകൊണ്ടല്ല ഞാന്‍ ഈ കാര്യം പറയുന്നത്. ഇത്രയേറെ ത്യാഗനിഷ്ഠയോടുകൂടി പ്രവര്‍ത്തിച്ച ആനന്ദ തീര്‍ത്ഥന്‍റെ സ്മാരകമന്ദിരംസമുദ്ഘാടനം ചെയ്യുവാനാണ് പ്രായാധിക്യം വകവെക്കാതെ വി.എസ്. പയ്യന്നൂരിലെത്തിയത്. ആ സമ്മേളനത്തില്‍ ധര്‍മ്മസംഘംത്തിലെ പ്രസിഡന്‍റായിരുന്ന പ്രകാശാനന്ദ സ്വാമിയും ഞാനും ഒപ്പമുണ്ടായിരുന്നു. പ്രകാശാനന്ദ സ്വാമി ആ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഞാന്‍ അനുഗ്രഹ പ്രസംഗവുമായിരുന്നു. ഞങ്ങള്‍ കുറച്ച് നേരത്തെ എത്തി. വി.എസ്. വന്നപ്പോള്‍ വലിയ ആരവം മുഴങ്ങി. സഖാക്കളും ആശ്രമത്തിന്‍റെ അധികാരികളും അദ്ദേഹത്തെ സ്വീകരിച്ച് മുന്നോട്ട് നയിച്ചു. അദ്ദേഹം എന്‍റെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം മുന്നോട്ട് നടന്നു. അദ്ദേഹത്തിന്‍റെ വിശ്രമ മുറിയില്‍ അദ്ദേഹം ഇരുന്നു. അവിടെ ഇരുന്നുകൊണ്ട് അദ്ദേഹം പറയുന്നത് കേട്ടു. വെളിയില്‍ സച്ചിദാനന്ദ സ്വാമി ഇരിപ്പുണ്ട്. ഇങ്ങോട്ട് വിളിക്കൂ. ഞാന്‍ അടുത്ത് ചെന്നു ഒരു കസേരയില്‍ ഇരുന്നു. അദ്ദേഹമായിട്ട് കുറേ സമയം സംസാരിക്കുകയുണ്ടായി. ഗുരുദേവ പ്രസ്ഥാനത്തെ സംബന്ധിച്ചും ശിവഗിരി മഠത്തെ സംബന്ധിച്ചുമൊക്കെ അദ്ദേഹം കാര്യങ്ങള്‍ അന്വേഷിക്കുകയും ഗുരുവിന്‍റെ ദര്‍ശനത്തെ മുറുകെപിടിച്ചുകൊണ്ട് അതില്‍ വെള്ളം ചേര്‍ക്കാതെ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുടെയെല്ലാം കടമയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത് ഇപ്പോഴും എന്‍റെ മനസ്സില്‍ തങ്ങി നില്‍ക്കുകയാണ്. അതിന് ശേഷം വി.എസ്. അധികാര സ്ഥാനങ്ങളില്‍ നിന്നെല്ലാം മാറിയ ശേഷം ഞാന്‍ അദ്ദേഹത്തെ പേയി കണ്ട് സംസാരിച്ചിട്ടുണ്ട്. അസുഖമായി ആശുപത്രിയിലായ ശേഷവും ഞാന്‍ അദ്ദേഹത്തെ പോയി കണ്ട് മകന്‍ അരുണ്‍ കുമാറുമായി കുറേ നേരം ഇരുന്ന് സംസാരിക്കുകയുണ്ടായി. സമത്വ സുന്ദരമായ ഒരു രാജ്യം കെട്ടിപ്പെടുക്കണം. ജാതി, മത ഭേദചിന്തകള്‍ക്കതീതമായി മനുഷ്യെല്ലാം ഒന്നായി ജീവിക്കണം. ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള ഭേദം അസ്തമിച്ച് എല്ലാവരും ജീവിതം നയിക്കപ്പെടണമെന്ന് തീവ്രമായി അഭിലഷിച്ച ഒരു മഹാനേതാവാണ് ശ്രീ.വി.എസ്. അചുതാനന്ദന്‍. കണ്ണേ കളരേ വി.എസ്സേ എന്നുള്ള മുദ്രാവാക്യം കൊണ്ട് മാത്രം നമുക്ക് മനസ്സിലാക്കാം അദ്ദേഹം ജനഹൃദയങ്ങളില്‍നേടിയെടുത്ത സ്ഥാനം. അങ്ങനെ ഒരാള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നുള്ളതാണ് എന്‍റെ സുചിന്തിതമായ അഭിപ്രായം. മറ്റ് പല നേതാക്കന്‍മാരെക്കുറിച്ച് പലര്‍ക്കും അഭിപ്രായം ഉണ്ട് എങ്കിലും അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയും അടങ്ങാത്ത വിപ്ലവ ബോധവും ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളും രാജ്യം എന്നും അദ്ദേഹത്തെ സ്മരിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. വി.എസ്. മുഖ്യമന്ത്രിയാകണമെന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇലക്ഷനില്‍ സീറ്റില്ല എന്നറിഞ്ഞപ്പോള്‍ ദുഖം തോന്നി. എന്നാല്‍ തീരുമാനം മാറ്റേണ്ടി വന്നു. ഇക്കാര്യത്തില്‍ കേരളാകൗമുദിയും സുകുമാര്‍ അഴീക്കോടും യുക്തിഭദ്രമായി ഇടപെട്ടു. മാറ്റങ്ങള്‍ ഉണ്ടായി. വി.എസ്. മുഖ്യമന്ത്രി എന്ന നിലയില്‍ രാജ്യത്തിന് ചെയ്ത സേവനങ്ങള്‍ വിവരണാതീതമാണ്. മഹാനായ ആ നേതാവിന്‍റെ വിയോഗത്തില്‍ ശിവഗിരി മഠം അനുശോചനം രേഖപ്പെടുത്തുന്നു.