

രാഷ്ട്രീയത്തെ ജീവിതവ്രതമാക്കിയ വി.എസ്.
സ്വാമി ശുഭാംഗാനന്ദ
ജനറല്‍ സെക്രട്ടറി,
ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
രാഷ്ട്രീയത്തെ ജീവിതവും ജീവിതത്തെ രാഷ്ട്രീയവുമാക്കിയ അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു വി. എസ്സ്. ജനമനസ്സുകളില്‍ അദ്ദേഹം നിറഞ്ഞു കവിഞ്ഞത് രാഷ്ട്രീയ സംശുദ്ധിയുടെ പിതാമഹനായതുകൊണ്ടാണ്. തിരുത്തല്‍ വേണ്ടാത്തവിധം ഉറച്ച നിലപാടുകള്‍ കൊണ്ടാണ് അദ്ദേഹം രാഷ്ട്രത്തെയും ജനങ്ങളെയും സേവിച്ചത്. ആത്മാര്‍ത്ഥതയായിരുന്നു അദ്ദേഹത്തിന്‍റെ മൂലധനം. കേരളത്തെ വിപ്ലവസൂര്യന്‍റെ നാടാക്കി ലോകത്തിനു കമ്മ്യൂണിസത്തിന്‍റെ പ്രകാശമേകിയ രാഷ്ട്രീയ മീമാംസകനും രാഷ്ട്രീയ ഗുരുവുമാണ് ശ്രീ വി.എസ്. അച്യുതാനന്ദന്‍.
പിന്തള്ളപ്പെട്ടവരുടെ ആശയും ആശ്രയവുമായിരുന്നു അദ്ദേഹം. ഭേദാതീതമായി ജനങ്ങളുടെ നോവ് അറിഞ്ഞു പെരുമാറിയ ഒരു രാഷ്ട്രീയനേതാവ് വി. എസ്സിനോളം മറ്റാരുമില്ല. കമ്മ്യൂണിസം എന്നാല്‍ അദ്ദേഹത്തിനത് ഉയര്‍ത്തെഴുന്നേപ്പിന്‍റെ പ്രത്യയശാസ്ത്രമായിരുന്നു. രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും മീതെ ഗുരുദര്‍ശനത്തെ തനിമയോടെ എങ്ങനെ ഉളക്കൊള്ളാമെന്നും ഉള്‍ക്കൊണ്ടതിനെ സ്വന്തം ആശയസംഹിതയോട് ഇണക്കിച്ചേര്‍ത്ത് സമൂഹത്തിന്‍റെ ഒരുമയ്ക്കും പുരോഗതിക്കുമായി എങ്ങനെ വിനിമയം ചെയ്യാമെന്നും അദ്ദേഹം കാണിച്ചു തന്നു.
എക്കാലവും ഗുരുദര്‍ശനത്തെ മറയില്ലാതെ മുറുകെ പിടിച്ച വി.എസ് ശിവഗിരി മഠത്തോടും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും വലിയ അടുപ്പവും ആദരവും പുലര്‍ത്തിയ രാഷ്ട്രീയ മഹാശയനാണ്. ദീര്‍ഘകാലം ശിവഗിരി തീര്‍ത്ഥാടനവേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ഉദ്ഘാടന പ്രസംഗങ്ങള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വിഷയീഭവിക്കുമായിരുന്നു. ഇളക്കമില്ലാത്ത വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്.
ശിവഗിരി മഠത്തില്‍ എത്തുമ്പോഴെല്ലാം മഹാസമാധിയിലെത്തി ഗുരുവിനെ പ്രണമിക്കാതെ അദ്ദേഹം മടങ്ങുമായിരുന്നില്ല. ശ്രീ വി.എസിന്‍റെ ദേഹവിയോഗം കൊണ്ടുണ്ടാകുന്ന ഭൗതിക നഷ്ടം അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ നികത്താനാവാത്തതാണ്. വാക്കും വിചാരവും പ്രവൃത്തിയും മറ്റാര്‍ക്കും ആവാത്തവിധം രാഷ്ട്രീയത്തില്‍ ഒന്നിപ്പിച്ച് പരോപകാരപരതയ്ക്ക് പുതിയ മാതൃകയും പാഠവും ആയിത്തീര്‍ന്ന ശ്രീ. വി.എസിന്‍റെ അനശ്വരതയ്ക്ക് മുന്നില്‍ ശിവഗിരി മഠത്തിന്‍റെ പീതപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.