Sivagiri
ചിത്രം : ഗോകർണനാഥ ക്ഷേത്രത്തിൽ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സ്വാമി ദീപം തെളിച്ചപ്പോൾ. സ്വാമി ബ്രഹ്മാനന്ദ ഭാരതി, സ്വാമി സത്യാനന്ദ തീർത്ഥ , ഗോകർണനാഥയോഗം പ്രസിഡന്റ് ജയരാജ് എന്നിവർ സമീപം

ശിവഗിരി : ശ്രീനാരായണഗുരുദേവൻ ദക്ഷിണ കർണാടകത്തിൽ പ്രതിഷ്ഠ നടത്തിയ ശ്രീ ഗോകർണനാഥ ക്ഷേത്രം കർണാടക സ്വദേശികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ശ്രീനാരായണ ഭക്തരുടെ അഭിമാനകേന്ദ്രമാണെന്ന് ശിവഗിര മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ഗോകർണനാഥ ക്ഷേത്രത്തിൽ നൽകിയ സ്വീകരണയോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. തൊറഗപ്പ എന്ന ഗൃഹസ്ഥ ശിഷ്യൻ ഗുരുദേവനെ കർണാടകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതും ശിവപ്രതിഷ്ഠ നടത്തിയതും ക്ഷേത്രത്തിന് ഗോകർണനാഥമെന്ന പേര് കൽപ്പിച്ചതും പ്രസിദ്ധമാണ്. തൊറഗപ്പയുടെ കുടുംബാംഗമായ അഞ്ചു വയസ്സുള്ള ഉൗമയായ കുട്ടിക്ക് ഗുരുദേവൻ ഒരു തുള്ളി കാപ്പി നൽകിയപ്പോൾ സംസാരശേഷി വീണ്ടെടുത്തതും ശേഷിച്ച കാപ്പി ആയിരക്കണക്കിന് ആളുകൾക്ക് നൽകി അത്ഭുതം സൃഷ്ടിച്ചതിനെയും സ്മരിച്ചുകൊണ്ട് ഇന്നും അവിടെ ഞായറാഴ്ചകളിൽ പാൽകാപ്പിയാണ് പ്രസാദമായി നൽകുന്നതെന്ന് സ്വാമി പറഞ്ഞു. കർണാടകയിൽ ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ചെതന്യ സ്വാമി, ഗുരുപ്രസാദ് സ്വാമി, ശങ്കരാനന്ദ സ്വാമി, ഗീതാനന്ദ സ്വാമി എന്നിവരുടെ സേവനം എന്നും സ്മരണീയമാണ്. മുൻ കേന്ദ്രമന്ത്രി ജനാർദ്ദനൻ പൂജാരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദതീർത്ഥ , ലിംഗായത്ത് മഠത്തിലെ ബ്രഹ്മാനന്ദ ഭാരതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഗോകർണനാഥ ക്ഷേത്ര യോഗം പ്രസിഡന്റ് ജയരാജ് അധ്യക്ഷത വഹിച്ചു. 200 അംഗങ്ങൾ ചേർന്ന് നാരായണഗുരുസ്വാമി വെദിക പ്രതിഷ്ഠാൻ ആയിരുന്നു മുഖ്യ സംഘാടകർ. വെദിക പ്രതിഷ്ഠാൻ തയ്യാറാക്കിയ ആത്മോപദേശശതകം അടക്കം കൃതികളും ഇതര കൃതികളും കന്നട ഭാഷയിലേക്ക് മീനാക്ഷി രാമചന്ദ്രൻ വിവർത്തനം ചെയ്ത ഗ്രന്ഥവും യോഗത്തിൽ പ്രകാശനം ചെയ്തു. സന്യാസി വര്യന്മാർക്ക് നടത്തിയ പാദ പൂജ , ഗുരുപൂജ, ഗുരുദേവപൂജ എന്നിവയും ശ്രദ്ധേയമായി.