

ശ്രീനാരായണഗുരുദേവ മന്ത്രധ്വനികള്‍ ഉയര്‍ന്ന് പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ രണ്ടുദിവസങ്ങളിലായി ശിവഗിരി മഠത്തില്‍ നടന്ന ശ്രീനാരായണ ദിവ്യസത്സംഗം സമാപിച്ചു. പുലര്‍ച്ചെ മുതല്‍ നടന്ന ചടങ്ങുകളില്‍ പാരായണം, സത്സംഗം , ജപം, ധ്യാനം, പ്രബോധനം എന്നിവയായിരുന്നു മുഖ്യ ഇനം. ശാരദാമഠത്തിലും മഹാസമാധിയിലും പര്‍ണ്ണശാലയിലും നടന്ന സമൂഹ പ്രാര്‍ത്ഥനയിലും എല്ലാവരും പങ്കെടുത്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി ആയിരുന്നു മുഖ്യ ആചാര്യന്‍. ഗുരുദേവ കൃതികള്‍ക്കൊപ്പം ഭഗവത്ഗീത, ബൈബിള്‍, ഖുര്‍ആന്‍ തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളുടെ പാരായണവും ശ്രദ്ധേയമായി.
ഗുരുധര്‍മ്മപ്രചരണ സഭയും മാതൃസഭയുമായിരിന്നു മുഖ്യ സംഘാടകര്‍. സമാപന ദിവസമായ ഇന്നലെ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീര്‍ത്ഥ, സ്വാമി അംബികാനന്ദ തുടങ്ങിയവര്‍ പ്രബോധനം നടത്തി. വിവിധ മേഖലകളില്‍ നിന്നെത്തിയ ഭക്തര്‍ ഗുരുദേവ കൃതികള്‍, ഖുര്‍ആന്‍, ബൈബിള്‍, ഭഗവത്ഗീത എന്നിവ പാരായണം ചെയ്തു.