Sivagiri
ശിവഗിരിയിൽ വിദ്യാർത്ഥികൾക്കായി നടന്നുവരുന്ന സഹവാസ ക്യാമ്പിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി ക്ലാസ് നയിക്കുന്നു

ശിവഗിരി : ശ്രീനാരായണഗുരുദേവനെ കുറിച്ചും തത്വദര്‍ശനത്തെക്കുറിച്ചുള്ള പഠനം ശാസ്ത്രീയമാകണമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടന്നുവരുന്ന സഹവാസ ക്യാമ്പ് നയിക്കുകയായിരുന്നു സ്വാമി. ഗുരുവിന്‍റെ 73 വര്‍ഷത്തെ ജീവിതം ഗുരുദേവ കൃതികളുമായി ചേര്‍ത്തുവച്ച് പഠിച്ചാല്‍ മാത്രമേ ശരിയായ പഠനം ആകുകയുള്ളൂ. പലര്‍ക്കുമുള്ളത് ഉപരിപ്ലവമായ പഠനം മാത്രമാണ്. അതിലൂടെ ഗുരുസ്വരൂപം കണ്ടെത്താന്‍ ആകില്ലെന്ന് മാത്രമല്ല ഗുരുവിന്‍റെ തിരുമുഖവും ദര്‍ശനവും വൈകൃതം ആകുകയും ചെയ്യും. ഗുരുദര്‍ശനത്തിന്‍റെ ശരിയായ പഠനത്തിന്‍റെ അഭാവമാണ് ഗുരുദേവനെ സാമൂഹിക പരിഷ്കര്‍ത്താവും വിപ്ലവകാരിയായും സമുദായ നേതാവായും ചിത്രീകരിക്കുവാന്‍ കാരണം. അതീഥി, ബോധം,ആചരണം, പ്രചരണം എന്നത് ഏത് തത്വദര്‍ശനത്തിന്‍റെയും അടിസ്ഥാന ഘടകമാണ്. പഠിക്കുക, ഉള്‍ക്കൊള്ളുക, ആചരിക്കുക ഇതിനുശേഷമാണ് പ്രചരണം. ഗുരുദര്‍ശനത്തെ സംബന്ധിച്ച് ആദ്യത്തേതായ മൂന്നു കാര്യങ്ങള്‍ നിര്‍വഹിക്കാതെ പലരും പ്രചരണത്തില്‍ മുഴുകി കഴിയുന്നത് പ്രസ്ഥാനത്തിന് ദൂരവ്യാപകമായ ദോഷം ചെയ്യും. ഇതു പരിഹരിച്ച് ഗുരുദര്‍ശനത്തിന്‍റെ ശരിയായ പഠനം നടത്തുവാനാണ് ശിവഗിരിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പഠന ക്ലാസുകളും ഗുരുധര്‍മ്മപ്രചരണ സഭയിലൂടെയും സമര്‍പ്പിക്കുന്നത്. ജാതി,മതം, ദേശം തുടങ്ങിയ ഭേദ ചിന്തകള്‍ക്കതീതമായി വിശ്വദര്‍ശനം ചമച്ച മഹാവിരുവിനെ ഒരു ഘടദീപമാക്കി മാറ്റാനാണ് പലരും പാടുപെടുന്നത്. ഒരു സമുദായ നേതാവായി മൂലയ്ക്കിരുത്തുവാനാണ് 'പഠിച്ച' മലയാളികളുടെ ശ്രമം. വരും നൂറ്റാണ്ടുകള്‍ക്ക് പോലും പ്രകാശം നല്‍കി ഭാവി ലോകത്തിന്‍റെ പ്രവാചകനായി പ്രകാശിക്കുന്ന ഗുരുവിലേക്ക് ആഴ്ന്നിറങ്ങുവാന്‍ രാജ്യമൊട്ടാകെ ശ്രീനാരായണ ദാര്‍ശനിക പഠന ക്ലാസുകള്‍ നടക്കേണ്ടതുണ്ട്. ശിവഗിരി മഠം അതിനെല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്നും സച്ചിദാനന്ദസ്വാമി പറഞ്ഞു.