Sivagiri
ചിത്രം : ശിവഗിരി മഠത്തില്‍ വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്യാമ്പിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ ട്രഷറര്‍ ശാരദാനന്ദ സ്വാമി അധ്യക്ഷ പ്രസംഗം നടത്തിയപ്പോള്‍

ശിവഗിരി : പരാശ്രയമില്ലാതെ സ്വജീവിതം വിജയിപ്പിക്കുവാന്‍ വിദ്യാഭ്യാസകാലത്തുതന്നെ പരിശീലനം നേടണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അഭിപ്രായപ്പെട്ടു. ശിവഗിരി മഠത്തില്‍ വിദ്യാര്‍ത്ഥികളുടെ അവധിക്കാല പഠന ക്ലാസ്സിന് തുടക്കം കുറിച്ചുകൊണ്ട് അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി. മാറിവരുന്ന ജീവിത സാഹചര്യത്തില്‍ പോയ കാലങ്ങളില്‍ എന്നവണ്ണം കുടുംബങ്ങളില്‍ നിന്നും മതിയായ കരുതല്‍ ആര്‍ക്കും ലഭ്യമായി എന്നുവരില്ല. അതുമൂലമാണ് പലയിടത്തും വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും പ്രതിസന്ധികളെ നേരിടുന്നതും സന്തുഷ്ഠിക്കായി മദ്യ ലഹരി വസ്തുക്കളിലേക്ക് അഭയം തേടുന്നതെന്നും കാണേണ്ടതുണ്ടെന്നും ഇത്തരം പശ്ചാത്തലത്തില്‍ ആത്മീയതയില്‍ അധിഷ്ഠിതമായ ജീവിതചര്യ തിരഞ്ഞെടുക്കണമെന്നും ശാരദാനന്ദ സ്വാമി തുടര്‍ന്ന് പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. 13 വരെ ക്യാമ്പ് തുടരും. വിവിധ വിഷയങ്ങളില്‍ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖരും പഠന ക്ലാസുകള്‍ നയിക്കുന്നുണ്ട്.