

ശിവഗിരി: സദാചാരവും ധാർമികതയും ജീവിതത്തിൽ പകർത്തിയാൽ ശാശ്വത സുഖവും ആനന്ദവും കണ്ടെത്താനാവുമെന്നു ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. ശിവഗിരി മഠത്തിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വിദ്യാർത്ഥികളുടെ അവധിക്കാല പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. സദാചാരബോധ ചിന്തയില്ലാതെ ക്ഷണികമായ സുഖത്തിന്റെ പിന്നാലെ പോകുന്ന യുവതലമുറയും വിദ്യാർത്ഥികളും ലഹരിപദാർത്ഥങ്ങളുടെ അടിമകളാകുന്ന കാഴ്ച ഇന്ന് എവിടെയും ദർശിക്കാനാകുന്നു. പലയിടത്തും ലഹരി വസ്തുക്കൾ കണ്ടെത്തിയത് വിദ്യാർത്ഥികളിൽ നിന്നും യുവാക്കളിൽ നിന്നുമായിരുന്നു. പാഠ്യവിഷയങ്ങളിൽ നിന്നും മൂല്യസംരക്ഷണവും സാന്മാർഗികതയും ഉൾക്കൊള്ളുവാനുള്ള അവസരം ഉണ്ടാകണം. ശ്രീനാരായണഗുരുദേവ ദർശനവും കൃതികളും പഠിക്കാനായാൽ ജീവിതത്തിന് ലക്ഷ്യബോധം ഉറപ്പാക്കാൻ കഴിയുമെന്നും ശുഭാംഗാനന്ദ സ്വാമി തുടർന്നു പറഞ്ഞു. ശിവഗിരി മഠം ഖജാൻജി സ്വാമി ശാരദാനന്ദ അധ്യക്ഷത വഹിച്ചു. ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ പഠനക്ലാസുകൾ നയിച്ചു. സ്വാമി ഗുരുപ്രസാദ് പ്രസംഗിച്ചു . സ്വാമി ശിവനാരായണ തീർത്ഥ , സ്വാമി ഹംസതീർത്ഥ , സ്വാമി അംബികാനന്ദ തുടങ്ങിയവരും സംബന്ധിച്ചു . ജയശ്രീ ടീച്ചർ , അജിത തിരുവാർപ്പ്, ഭവ്യ , ബിന്ദു മുരളീധരൻ, മോഹൻ പഞ്ഞിവിള എന്നിവർ ഗുരുദേവകൃതികൾ ആലപിച്ചു.