Sivagiri
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ വിശേഷാല്‍ പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ 2025-2026 ലേക്കുള്ള വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കുന്നു.

സാമൂഹ്യക്ഷേമത്തിനും ധര്‍മ്മപ്രചരണത്തിനും പ്രത്യേക ഊന്നല്‍  
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിനു 215 കോടിയുടെ ബഡ്ജറ്റ്

ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റിന്‍റെ വിശേഷാല്‍ പൊതുയോഗം ഇന്നലെ (മാര്‍ച്ച് 21) ശിവഗിരി മഠത്തില്‍ ചേര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ്  ഏകകണ്ഠേന പാസാക്കി. 215 കോടി രണ്ടുലക്ഷം രൂപ വരവും 214 കോടി പതിനെട്ട് ലക്ഷം രൂപ ചെലവും 84 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന  ബഡ്ജറ്റാണ് ധര്‍മ്മസസംഘം ട്രസ്റ്റ് ജനറള്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ചത്.

നമ്മുടെ രാജ്യത്തും ആഗോളതലത്തില്‍തന്നെയും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മേഖലകളില്‍ കാര്യമായ അഭിവൃദ്ധിയും ശാസ്ത്രരംഗത്ത് വലിയ മുന്നേറ്റവും ഉണ്ടാകുന്നുവെന്ന് അവകാശപ്പെടുമ്പോഴും മനുഷ്യരില്‍ മനുഷ്യത്വം ദുര്‍ബലപ്പെട്ടുവരുന്ന കാഴ്ച വ്യാപകമായിത്തീരുകയാണ്. ഇത് ലോകത്തിന്‍റെ ശാന്തിയേയും ഭദ്രതയേയും സ്വാതന്ത്ര്യത്തേയും കെടുത്തുമെന്നതിനു തെളിവാണ് പല രാജ്യങ്ങളിലും ഇന്നു കാണുന്ന കൂട്ട പലായനങ്ങള്‍. അതിനാല്‍ ഗുരുദേവന്‍റെ വിശ്വമാനവ ദര്‍ശനം സമസ്ത തലങ്ങളിലും എത്തേണ്ടതുണ്ടെന്നു സ്വാമി പറഞ്ഞു. ഈ ബഡ്ജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 45.4 കോടിയും, സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി 5.78 കോടിയും,  ആതുരസേവനരംഗത്തിന്‍റെ വളര്‍ച്ചക്കും കാര്യക്ഷമതക്കുമായി 70.8 കോടിയും, കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 2.14 കോടിയും ഗുരുധര്‍മ്മപ്രചരണത്തിനായി 11.6 കോടിയും രൂപയാണ്  വകയിരുത്തിയിട്ടുളളത്. ഈയടുത്ത് സമാധി പ്രാപിച്ച ധര്‍മ്മസംഘം ട്രസറ്റിലെ മുതിര്‍ന്ന അംഗങ്ങളായിരുന്ന സ്വാമി സുഗുണാനന്ദയ്ക്കും സ്വാമി വിദ്യാനന്ദയ്ക്കും പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച യോഗത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ്  പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞത പ്രകാശിപ്പിച്ചു.