

ശിവഗിരി: മഹാത്മാഗാന്ധി ശിവഗിരിയില്‍ വന്നതിന്‍റെ ശതാബ്ദി പ്രമാണിച്ച് കൂടിക്കാഴ്ച നടന്ന ഗാന്ധി ആശ്രമത്തില്‍ (വനജാക്ഷി മന്ദിരം) നിന്നും 12 ന് രാവിലെ 9.30 ന് ശിവഗിരിയിലേക്ക് ഏകലോക സങ്കല്‍പ്പസന്ദേശയാത്ര നടത്തി. ഗാന്ധിയും ഗുരുദേവനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഐത്തോച്ചാടനം, സഞ്ചാര സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, അധ:സ്ഥിതോദ്ധാരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഗുരുദേവന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വദര്‍ശനവും ചര്‍ച്ചാവിഷയമായി. സംഭാഷണം കഴിഞ്ഞ ഗുരുദേവന്‍ ഗാന്ധിയെ ഒരു ഫര്‍ലോങ്ങ് ദൂരമുള്ള ശിവഗിരിയിലേക്ക് ക്ഷണിച്ചു. ഭക്ഷണം സ്വീകരിച്ച് ഗുരുദേവനും ഗാന്ധിയും ശിവഗിരിയിലേക്ക് പ്രയാണം ചെയ്തു. ഗാന്ധിജിയോടൊപ്പം സി. രാജഗോപാലാചാരി, മഹാദേവ ദേശായി, ദേവദാസ് ഗാന്ധി, ഇ. വി രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ഗുരുദേവ ശിഷ്യരായ ബോധാനന്ദ സ്വാമി, സത്യവ്രതസ്വാമി, പൂര്‍ണാനന്ദ സ്വാമി, ടി കെ മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, സി വി കുഞ്ഞിരാമന്‍, എന്‍. കുമാരന്‍, പി.സി. ഗോവിന്ദന്‍ തുടങ്ങിയവരും ആയിരക്കണക്കിന് ഗുരുദേവ ശിഷ്യന്മാരും ഗാന്ധിജിയുടെ ആരാധകരും ശിവഗിരിയിലേക്കുള്ള യാത്രയില്‍ പങ്കാളികളായി. അതിനെ സ്മരിച്ചുകൊണ്ട് ശിവഗിരി മഠത്തിലെ സന്യാസിവര്യന്‍മാരുടെയും ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ഗാന്ധിയുടെയും പ്രസിദ്ധ ഗാന്ധിയന്മാരായ എം.പി മത്തായി, രാധാകൃഷ്ണന്‍ നായര്‍, വി.എം. സുധീരന്‍, ജേക്കബ് വടക്കഞ്ചേരി, ബാബുരാജന്‍ ബഹറിന്‍ , അജി എസ്.ആര്‍.എം., പുനലൂര്‍ സോമരാജന്‍. ഗുരുധര്‍മ്മ പ്രചരണസഭാ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍, മാതൃസഭാ പ്രസിഡന്‍റ് ഡോ. അനിതാ ശങ്കര്‍ തുടങ്ങിയവര്‍ അനുസ്മരണയാത്ര നയിച്ചു.