Sivagiri
.

ശിവഗിരിയില്‍ ത്രിദിന പരിശീലന ക്ലാസിന് തുടക്കമായി

ശിവഗിരി: വേദാന്ത ശാസ്ത്ര പ്രകാരം  ദൈവ സത്യത്തെ അറിഞ്ഞയാള്‍ ദൈവം തന്നെ എന്നാണ് ശങ്കരാചാര്യര്‍ പറയുന്നതെന്നും ആ നിലയ്ക്ക് ഗുരുദേവന്‍ പ്രത്യക്ഷ ദൈവമാണെന്നും  ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. അവതാര നിമിഷം മുതല്‍ ഗുരുദേവനില്‍ ഈശ്വരീയ ഭാവം പ്രകടമായിരുന്നു. ഏതൊരു ശിശുവും പിറന്നുവീഴുമ്പോള്‍ കരയുക പതിവ് ആണെങ്കില്‍ ഗുരുദേവന്‍ അവതാര വേളയില്‍ കരയുകയുണ്ടായില്ല എന്ന് സ്വാമി ചൂണ്ടിക്കാട്ടി.

ഗുരുധര്‍മ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ത്രിദിന ധര്‍മ്മ പ്രചാരക പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിദാനന്ദ സ്വാമി. നിത്യശുദ്ധനും നിത്യമുക്തനുമായിരുന്നു ഗുരുദേവന്‍. ആരായുന്നവര്‍ക്ക് പരമദൈവമായിരുന്നുവെന്നാണ് മഹാകവികുമാരനാശാന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഗുരുദേവനെ പൂര്‍ണമായും അറിയുവാന്‍ ഗുരുദേവ കൃതികള്‍ പഠിക്കണമെന്നും സ്വാമി തുടര്‍ന്നു പറഞ്ഞു. ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗനന്ദഗിരി പഠന പദ്ധതി അവതരിപ്പിച്ചു. സഭാ രജിസ്ട്രാര്‍ കെ. റ്റി. സുകുമാരന്‍, പി.ആര്‍. ഒ. ഡോ. സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് പരിശീലന ക്ലാസിലുള്ളത്. രണ്ടാം ദിവസമായ ഇന്ന് അസംഗാനന്ദഗിരി സ്വാമി, സച്ചിദാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി, സത്യന്‍ പന്തത്തല, ഡോ. സനല്‍കുമാര്‍ എന്നിവരും സമാപന ദിവസമായ നാളെ സ്വാമി ശുഭാംഗാനന്ദ, കുറിച്ചി സദന്‍, ഈ.എം.സോമനാഥന്‍, ഡോ.പി.ചന്ദ്രമോഹന്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.