Sivagiri
ചിത്രം : ഗുരുധര്‍മ്മ പ്രചരണ സഭ ഇന്നലെ ശിവഗിരിയില്‍ നിന്നും അരുവിപ്പുറത്തേക്ക് നടത്തിയ ശൈവസങ്കേത യാത്രയ്ക്ക് മഹാസമാധിയില്‍ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുന്നു. രാജേഷ് അമ്പലപ്പുഴ, സ്വാമി അംബികാനന്ദ, സ്വാമി ശ്രീനാരായണദാസ്, ഡോ.സനല്‍കുമാര്‍, സ്വാമി അസംഗാനന്ദഗിരി, രവീന്ദ്രന്‍ കായംകുളം, ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, ചന്ദന്‍ പുളിങ്കുന്ന്, കെ. റ്റി. സുകുമാരന്‍, സ്വാമി വിരജാനന്ദ തുടങ്ങിയവര്‍ സമീപം.


ശിവഗിരി: ഗുരുധര്‍മ്മ പ്രചരണ സഭയുടെ നേതൃത്വത്തില്‍ ശിവരാത്രിയോട് അനുബന്ധിച്ച് ഇന്നലെ ശിവഗിരിയില്‍ നിന്നും അരുവിപ്പുറത്തേക്ക് നടത്തിയ  ശൈവസങ്കേത യാത്ര ഭക്തിനിര്‍ഭരമായി. സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരിമാരും ഭക്തജനങ്ങളും ചേര്‍ന്നു നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം മഹാസമാധിയില്‍ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ യാത്രയ്ക്ക് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ഗുരുദേവ വിഗ്രഹം വഹിച്ച രഥത്തിന് പിന്നില്‍ നിരവധി വാഹനങ്ങളിലായി ഗുരുദേവ ഭക്തരും ഗുരുധര്‍മ്മ പ്രചരണ സഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും ഭാരവാഹികളും വിവിധ ജില്ലകളില്‍ നിന്നും എത്തിയ പ്രവര്‍ത്തകരും അണിചേര്‍ന്നു. ഗുരുദേവ സാന്നിധ്യം കൊണ്ട് പുണ്യം നിറഞ്ഞ പ്ലാവിഴകം ദേവീക്ഷേത്രം, കായിക്കര ഏറത്തു ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, കായിക്കര കപാലേശ്വര ക്ഷേത്രം, അഞ്ചുതെങ്ങ് ജ്ഞാനേശ്വര ക്ഷേത്രം, കടയ്ക്കാവൂര്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രം, വക്കം വേലായുധ ക്ഷേത്രം, മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം, കുളത്തൂര്‍ കോലത്തുകര ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച്, അവിടെയൊക്കെ പ്രാര്‍ത്ഥന നടത്തി തീര്‍ത്ഥവും സ്വീകരിച്ചായിരുന്നു വൈകിട്ടോടുകൂടി യാത്ര അരുവിപ്പുറം ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. മഹാസമാധിയിലെ പ്രാര്‍ത്ഥനയില്‍ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി ശ്രീനാരായണദാസ് എന്നിവര്‍ പങ്കെടുത്തു. ഗുരുധര്‍മ്മ പ്രചരണ സഭ രജിസ്ട്രാര്‍ കെ.റ്റി. സുകുമാരന്‍, ചീഫ് കോര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല, പി.ആര്‍.ഒ ഡോ. സനല്‍കുമാര്‍, ജോയിന്‍റ് രജിസ്ട്രാര്‍ പുത്തൂര്‍ ശോഭനന്‍, യുവജനസഭ ചെയര്‍മാന്‍ രാജേഷ് അമ്പലപ്പുഴ, മാതൃസഭാ സെക്രട്ടറി ശ്രീജ ഷാജി, സഭാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, ചന്ദ്രന്‍ പുളിങ്കുന്ന്, യാത്രാ കോ-ഓര്‍ഡിനേറ്റര്‍ ഷാജി ചാത്തന്നൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.