Sivagiri
ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍ സമാധിയായി

ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍ സമാധിയായി

 ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിര്‍ന്ന അംഗം ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍ (76) ഇന്ന്  രാവിലെ 8.20 ന് സമാധി പ്രാപിച്ചു.   വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്വാമികള്‍ ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചാണ് സമാധിയായത്. ഇന്നുളള ധര്‍മ്മസംഘം ട്രസ്റ്റ് അംഗങ്ങളില്‍ ഏറ്റവും സീനിയറായിരുന്നു സ്വാമികള്‍.  ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യകാലവിദ്യാര്‍ത്ഥിയായിരുന്നു.  1979 ലാണ് സുഗതന്‍ എന്ന പൂര്‍വനാമം ഉപേക്ഷിച്ചു  അന്നത്തെ ധര്‍മ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനായിരുന്ന ബ്രഹ്മശ്രീ ബ്രഹ്മാനന്ദ സ്വാമികളില്‍ നിന്നും  സംന്യാസദീക്ഷ സ്വീകരിച്ചു ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യപരമ്പരയില്‍ കണ്ണിയായത്. പൂര്‍വാശ്രമം  പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു.  വിവിധ കാലങ്ങളിലായി പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി,മധുര,അരുവിപ്പുറം, കുന്നുംപാറ ആശ്രമങ്ങളില്‍ സേവനമനുഷ്ഠിച്ചു ഗുരുധര്‍മ്മപ്രചരണത്തില്‍ ശക്തമായ സാന്നിധ്യമേകി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ഭരണസമിതിയിലും സ്വാമികള്‍ അംഗമായിരുന്നിട്ടുണ്ട്.

ഇന്ന് വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന ഭൗതികദേഹം 5 മണിക്ക് സംന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ ആചാരവിധിപ്രകാരം സമാധിയിരുത്തും.