Sivagiri
ചിത്രം : ചതയനക്ഷത്ര ദിനമായ ഇന്നലെ ശിവഗിരി മഹാസമാധിയില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍

ശിവഗിരി : ചതയ നക്ഷത്ര ദിനമായ ഇന്നലെ നാടിന്‍റെ നാനാഭാഗത്തു നിന്നും ഗുരുദേവ വിശ്വാസികളുടെ വന്‍ തോതിലുള്ള സാന്നിധ്യം ശിവഗിരിയില്‍ അനുഭവപെട്ടു. പ്രാര്‍ത്ഥനാമന്ദിരം, വൈദികമഠം, ഗുരുദേവറിക്ഷാമണ്ഡപം, ബോധാനന്ദസ്വാമിസമാധിപീഠം, മഹാസമാധി സന്നിധി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തും ഗുരുപൂജാ പ്രസാദം സ്വീകരിച്ചുമാണ് ഭക്തര്‍ മടങ്ങിയത്. സായാഹ്നത്തിലും പതിവിലേറെ വിശ്വാസികള്‍ എത്തുകയുണ്ടായി. എത്തിയവരില്‍ പലരും ഗുരുപൂജാ പ്രസാദം അന്നദാനത്തിനാവശ്യമായ കാര്‍ഷിക വിളകളും പലവ്യജഞനങ്ങളും എത്തിച്ചു.ഗുരുപൂജാ ഉത്പന്നങ്ങള്‍ ഗുരുപൂജാ മന്ദിരത്തിനു സമീപത്തെ പ്രത്യേക കേന്ദ്രത്തില്‍ കൈമാറാന്‍ ഉള്ള ക്രമീകരണം ഉണ്ട്. എസ്.എന്‍.ഡി.പി. ശാഖകളില്‍ നിന്നും കുടുംബ യൂണിറ്റുകളില്‍ നിന്നും ഗുരുധര്‍മ്മപ്രചരണസഭാ യൂണിറ്റുകളില്‍ നിന്നും പ്രത്യേക വാഹനങ്ങളില്‍ ഭക്തര്‍ എത്തുക പതിവാണ്. കൂട്ടമായി എത്തുന്നവര്‍ ശിവഗിരിമഠത്തില്‍ മുന്‍കൂട്ടി വിവരം നല്‍കുന്നത് ഭക്ഷണ താമസ ക്രമീകരണത്തിന് സൗകര്യമാകും.