

ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ മുതിര്‍ന്ന അംഗം സ്വാമി സുഗുണാനന്ദ (74) സമാധിയായി. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 12.30 നു ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു സമാധി. നേരത്തെ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗമായിരുന്നു. പത്തനംതിട്ട അടൂര്‍ ആനയാടിയിലായിരിന്നു പൂര്‍വ്വാശ്രമം. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1983 ല്‍ ഗുരുദേവന്‍റെ സന്യസ്ത ശിഷ്യ പരമ്പരയില്‍ അംഗമായി. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ആയിരുന്ന ഗീതാനന്ദസ്വാമിയില്‍ നിന്നുമാണ് സന്യാസദീക്ഷ സ്വീകരിച്ചത്.
ശിവഗിരിമഠം ശാഖാ സ്ഥാപനങ്ങളായ പാലക്കാട് ധര്‍മ്മഗിരിആശ്രമം, ആലുവ തൊട്ടുമുഖം, കര്‍ണാടകയില്‍ കുടുക് ആശ്രമം, കാഞ്ചീപുരം സേവാശ്രമം, മദ്രാസ് ശ്രീനാരായണമന്ദിരം, കൊറ്റനല്ലൂര്‍ ആശ്രമം എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് കാഞ്ചീപുരം സേവാശ്രമത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
മിഷന്‍ ആശുപത്രിയില്‍ നിന്നും ഭൗതികദേഹം മഠത്തിലെത്തിച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം നാലുമണിക്ക് ശിവഗിരിക്ക് സമീപം സമാധി പറമ്പില്‍ ആചാരവിധിപ്രകാരം സമാധി ഇരുത്തി. ചടങ്ങുകള്‍ക്കു ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദസ്വാമി, ട്രഷറര്‍ ശാരദാനന്ദസ്വാമി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ശ്രീനാരായണതീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി അഭയാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിരജാനന്ദ, സ്വാമി സത്യാനന്ദസരസ്വതി, സ്വാമി പത്മാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി വെങ്കിടേശ്വര, നാരായണഗുരുകുലത്തിലെ സ്വാമി തന്മയ, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുസവിധ്, സ്വാമി ആത്മധര്‍മ്മന്‍, ബ്രഹ്മചാരിമാര്‍,വൈദികര്‍, ഗുരുധര്‍മ്മപ്രചരണസഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും ഭാരവാഹികളും മറ്റു പ്രവര്‍ത്തകരും, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍, സ്വാമിയുടെ കുടുംബാംഗങ്ങള്‍, അന്തയവാസികള്‍ ഭക്തജനങ്ങള്‍ മറ്റു വിവിധ തുറകളില്‍പെട്ടവര്‍ സമാധി ഇരുത്തല്‍ ചടങ്ങില്‍ പങ്കെടുത്തു.