Sivagiri
കരിമ്പിന്‍പുഴ ശിവശങ്കരാനന്ദാശ്രമം മഠാധിപതി ആത്മാനന്ദ സ്വാമി ചിദ്ഘനാനന്ദ പുരസ്ക്കാരം സമർപ്പിക്കുന്നു

ശിവഗിരി: സ്വാമി ചിദ്ഘനാനന്ദ സ്മൃതി പുരസ്ക്കാരം പുത്തൂര്‍ പാങ്ങോട് ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങിൽ വച്ച് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയ്ക്ക് സമർപ്പിച്ചു.. സംസ്കൃത പണ്ഡിതനും അധ്യാപകനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന ചിദ്ഘനാനന്ദ സ്വാമിയുടെ 101-ാമത് ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് സ്വാമി ചിദ്ഘനാനന്ദ ഫൗണ്ടേഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയതാണ് 25000/- രൂപയും ഫലകവുമടങ്ങുന്ന ഈ പുരസ്ക്കാരം. സംസ്ഥാനത്തെ പ്രമുഖരായ ആദ്ധ്യാത്മിക പ്രഭാഷകരില്‍ നിന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നതു്.

നാല് പതിറ്റാണ്ടിലേറെയായി ശിവഗിരി മഠം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ബ്രഹ്മവിദ്യാലയത്തിലെ ഏഴ് വര്‍ഷക്കാല പഠനം പൂര്‍ത്തിയാക്കി 1976-ല്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍രായിരുന്ന ബ്രഹ്മാനന്ദ സ്വാമിയില്‍ നിന്നും ബ്രഹ്മചര്യാദീക്ഷയും 1982 ല്‍ ഗീതാനന്ദ സ്വാമിയില്‍ നിന്നും സംന്യാസ ദീക്ഷയും സ്വീകരിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് പദവിക്കൊപ്പം ചാലക്കുടി ഗായത്രി ആശ്രമം പേരാമ്പ്ര ശ്രീനാരായണ ഗുരു ചൈതന്യമഠം എന്നിവയുടേയും പ്രസിഡന്‍റാണ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ.

ഗുരുദേവ ദര്‍ശനത്തിലേയ്ക്ക് വെളിച്ചം പകരുന്ന മൂന്ന് ഡസനോളം കൃതികള്‍ രചിട്ടിച്ചുള്ള സ്വാമി ഗുരുദര്‍ശന പ്രചരണാര്‍ത്ഥം സംസ്ഥാനത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമൊക്കെയായി പതിനായിരത്തോളം പ്രഭാഷണങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. ഗുരുദേവ ദര്‍ശന പ്രചരണം മുഖ്യ ലക്ഷ്യമാക്കി സ്വാമി രൂപംകൊടുത്ത ശ്രീനാരായണ ദിവ്യപ്രബോധനം ധ്യാനം, യജ്ഞം ഇതിനകം ആഗോളതലത്തില്‍ നാനൂറില്‍പ്പരം വേദികള്‍ പിന്നിട്ടു. അമേരിക്ക, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ദിവ്യപ്രബോധന ധ്യാന പരിപാടികളും ഇതര ചടങ്ങുകളിലുമായി നിരവധി വേളകള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനകം നിരവധി പ്രസ്ഥാനങ്ങള്‍ സ്വാമിയ്ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കരിമ്പിന്‍പുഴ ശിവശങ്കരാനന്ദാശ്രമം മഠാധിപതി ആത്മാനന്ദ സ്വാമിയാണ് ചിദ്ഘനാനന്ദ പുരസ്ക്കാരം സമര്‍പ്പിച്ചു. .

ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ.എം. കൃഷ്ണപിള്ള. ആര്‍ ചന്ദ്രശേഖരന്‍പിള്ള, ഡോ. എല്‍ സുലോചനാദേവി, ബാബു രാധാകൃഷ്ണന്‍, ഡോ.എന്‍ അനില്‍കുമാര്‍, പുത്തൂര്‍ ശോഭനന്‍., എം. രാധാകൃഷ്ണന്‍, ഡോ.കെ.എം. കൃഷ്ണകുമാർ തുടങ്ങിയവർ ആശംസയർപ്പിച്ചു.