ശിവഗിരി : പ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനം ശ്രീനാരായണ ഗുരുദേവന്‍റെ മഹാ സങ്കല്‍പ്പ പ്രകാരം രൂപം പ്രാപിച്ചതാണ്. ഗൃഹസ്ഥ ഭക്തന്‍മാര്‍ക്കായി എസ്.എന്‍.ഡി.പി. യോഗവും സംന്യാസിമാര്‍ക്കായി ധര്‍മ്മസംഘവും വൈദിക ശിഷ്യന്‍മാര്‍ക്കായി വൈദിക മഠവും സംസ്ഥാപനം ചെയ്ത മഹാഗുരു ശിവഗിരി ഒരു തീര്‍ത്ഥാടന കേന്ദ്രമായി വിഭാവനം ചെയ്തുകൊണ്ട് ശാരദാ മഠവും വൈദിക മഠവും സര്‍വ്വമത പാഠശാലയും സ്ഥാപിച്ച് മഹാസമാധി സ്മാരകമായി ശിവഗിരിയെ തന്നെ സങ്കല്‍പ്പിക്കുകയും ചെയ്തു. ഇപ്രകാരം ശിവഗിരിയെ ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്ത മഹാഗുരുവിന്‍റെ ലക്ഷ്യ സാഫല്യതയ്ക്കുവേണ്ടി ഗുരുദേവന്‍റെ സായാഹ്ന ഗീതോപദേശമായി ശിവഗിരി തീര്‍ത്ഥാടനത്തെയും വിഭാവനം ചെയ്തു എന്നു ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.
ശിവഗിരി തീര്‍ത്ഥാടനകാല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. എസ്.എന്‍.ഡി. പി. യോഗം സ്ഥാപിക്കാന്‍ ഡോ. പല്‍പ്പുവും കുമാരനാശാനും ധര്‍മ്മസംഘം സ്ഥാപിക്കാന്‍ ബോധാനന്ദ സ്വാമിയും ധര്‍മ്മ തീര്‍ത്ഥരും ഗുരുദേവ തൃക്കൈയിലെ ഉപകരണങ്ങള്‍ ആയതുപോലെ ശിവഗിരി തീര്‍ത്ഥാടനത്തിന് രൂപം നല്‍കുവാന്‍ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരും ടി. കെ കിട്ടന്‍ റൈറ്ററും ഉപകരണങ്ങളായി. ശ്രീനാരായണ സമൂഹത്തിന്‍റെ സമഗ്രമായ പുരോഗതിയിക്കായവശ്യമായ സംഘടനകളും ആരാധനാലയങ്ങളും മഠങ്ങളും സംസ്ഥാപനം ചെയ്ത മഹാഗുരു അവയില്‍ ആത്മീയ തലത്തെ ശക്തമാക്കുവാന്‍ ലോകമെമ്പാടും അധിവസിക്കുന്ന ശ്രീനാരായണീയ സമൂഹത്തിന്‍റെ സംഘടിച്ച് ശക്തരാകുവിന്‍ എന്ന ഗുരുദേവന്‍റെ ദിവ്യ വചനത്തിന്‍റെ ആവിഷ്ക്കാരം കൂടിയാണ് ശിവഗിരി തീര്‍ത്ഥാടനം.
ഇത്തവണ തീര്‍ത്ഥാടനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ യാക്കിയത് വന്‍ വിജയകരമായിത്തീരുകയും ചെയ്തുവെന്ന് സച്ചിദാനന്ദ സ്വാമി തുടര്‍ന്നുപറഞ്ഞു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം, ലാജി, സ്വാമി വീരേശ്വരാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി വിരജാനന്ദ ഗിരി, ബ്രഹ്മചാരി പ്രമേദ്, വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.